ഫീഡിങ് ട്യൂബും ‘അകത്താക്കി’; മിക്കിക്ക് അപൂർവ ശസ്ത്രക്രിയ
text_fieldsമിക്കിയുടെ തൊണ്ടയിൽ കുടുങ്ങിയ ഫീഡിങ് ട്യൂബ് പുറത്തെടുക്കുന്നു
കോഴിക്കോട്: ഫീഡിങ് ട്യൂബ് തൊണ്ടയിൽ കുടുങ്ങിയ മിക്കിയെന്ന ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് ഓമനക്കിളി അപൂർവ ശസ്ത്രക്രിയ വഴി വീണ്ടും ജീവിതത്തിലേക്ക്. കേരളത്തിൽ അപൂർവമായാണ് ഇത്തരത്തിൽ വളർത്തു പക്ഷിക്ക് ശസ്ത്രക്രിയ നടത്തുന്നത്.
മെഡിക്കൽ കോളജിന് സമീപത്തെ വീട്ടിലെ ഓമനക്കിളിയായ എട്ടുമാസം പ്രായമുള്ള മിക്കുവിന് ഭക്ഷണം കൊടുക്കവെ കഴിഞ്ഞ ദിവസം ഫീഡിങ് ട്യൂബ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് പക്ഷിരോഗ വിദഗ്ധനും റിട്ട. വെറ്ററിനറി സർജനുമായ ഡോ. പി.കെ. ശിഹാബുദ്ദീനടുത്ത് രാത്രിതന്നെ പക്ഷിയെയെത്തിച്ചു.
മിക്കി ചികിത്സക്കു ശേഷം
റബറും പ്ലാസ്റ്റിക്കും കൊണ്ടുള്ള രണ്ടര ഇഞ്ച് നീളമുള്ള ഫീഡിങ് ട്യൂബ് അനസ്തേഷ്യ നൽകി മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ പുറത്തെടുക്കുകയായിരുന്നു. വിലപിടിപ്പുള്ള ഓമനപ്പക്ഷികൾക്ക് ട്യൂബ് വഴി വിറ്റമിനും മറ്റു പോഷകങ്ങളും നൽകണം. ട്യൂബുകൾ വഴി ഭക്ഷണം നൽകുമ്പോൾ അറ്റത്ത് താൽക്കാലികമായി ട്യൂബുകൾ ഘടിപ്പിക്കുന്നത് ഇത്തരം അപകടത്തിന് സാധ്യതയേറ്റുന്നു.
ഫീഡിങ് ട്യൂബുകൾ പക്ഷികൾ കൊത്തിവിഴുങ്ങിയുണ്ടാവുന്ന അപകടമാണ് വർധിക്കുന്നത്. ഇളകാത്ത ട്യൂബുകൾ ഘടിപ്പിച്ച സിറിഞ്ചുകൾ ഉപയോഗിക്കുന്നത് അപകടമുണ്ടാവുന്നതിന് പരിഹാരമാണ്. വയറ്റിൽ ട്യൂബുകൾ എത്തിയാൽ ഒരാഴ്ചക്കകം പക്ഷികൾ ചാവും.
ഒന്നര ലക്ഷം രൂപയോളമാണ് ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ് തത്തകളുടെ വില. ഏറ്റവും വലിയ തത്തയിനമായ മക്കാവുകളിൽ ചിലയിനത്തിന് 30 ലക്ഷം രൂപവരെ വിലയുണ്ട്. പെട്ടെന്ന് സംസാരിക്കാൻ പഠിക്കുന്ന മക്കാവുകൾ, ഓമനക്കിളികളിൽ ട്രെൻഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

