എം.ജിയിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥാനക്കയറ്റം
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽ സെക്ഷൻ ഓഫിസർ തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നൽകി. മുൻകൂർ സർക്കാർ അനുമതിയില്ലാതെ തസ്തിക സൃഷ്ടിച്ചതുവഴി ഗ്രാന്റും ശമ്പളവും മുടങ്ങുമോ എന്ന ഗുരുതര പ്രതിസന്ധി നേരിടുകയാണ് സർവകലാശാല. ഇതിനിടയിൽ ജീവനക്കാരുടെ എണ്ണം തേടി ധനവകുപ്പ് സർവകലാശാലകൾക്ക് കത്തയച്ച അസാധാരണ നടപടിയും അധികൃതരെ വെട്ടിലാക്കി. നിലവിൽ 264 സെക്ഷൻ ഓഫിസർ തസ്തികകളാണ് എം.ജിയിലുള്ളത്. ഭിന്നശേഷിക്കാരായ ഏഴുപേർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം നൽകാനും ഇതുവഴി, പി.എസ്.സി നിയമനം ലഭിച്ചവരുടെ സ്ഥാനക്കയറ്റം സംരക്ഷിക്കാനുമാണ് അനുമതിയില്ലാതെ പുതിയ തസ്തിക സൃഷ്ടിച്ചത്.
1999-2003 കാലയളവിൽ സംസ്ഥാനത്ത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച 2677 അംഗപരിമിതർക്ക് 2013ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സ്ഥിരനിയമനം നൽകിയിരുന്നു. ഇതിൽ 14 പേർക്ക് എം.ജിയിൽ അസിസ്റ്റന്റായി നിയമനം ലഭിച്ചു. ഇവരിൽ അവശേഷിക്കുന്ന ഏഴുപേർക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം യഥാസമയം നൽകിയില്ല. 2025 മേയിൽ ഇവർ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവു വാങ്ങി. നിലവിലുള്ള ഒഴിവുകളിലേക്ക് ഇവർക്ക് സ്ഥാനക്കയറ്റം നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാൽ, ആ ഉത്തരവിന്റെ മറവിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് അംഗപരിമിതർക്ക് സെക്ഷൻ ഓഫിസർമാരായി സ്ഥാനക്കയറ്റം നൽകിയത്. ഒഴിവുവന്ന ആറ് സെക്ഷൻ ഓഫിസർ തസ്തികകളിലേക്ക് പി.എസ്.സി വഴി കയറിയ ആറുപേർക്ക് ഈ ഏപ്രിലിൽ നിയമനം നൽകുകയും ചെയ്തു. ഇപ്പോൾ ധനവകുപ്പ്, പുതിയ തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടോ എന്നും നിലവിലുള്ള തസ്തികകളുടെ എണ്ണം തിരിച്ചുള്ള വിവരവും തേടിയതാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.
അനുമതിയില്ലാതെ പുതിയ തസ്തിക സൃഷ്ടിച്ചാൽ സർക്കാറിന് ഗ്രാന്റ് തടയാം. 2013 ആഗസ്റ്റിൽ ഇത്തരത്തിൽ സർക്കാർ അനുമതിയില്ലാതെ തസ്തിക സൃഷ്ടിച്ചപ്പോൾ ഗ്രാന്റ് തടഞ്ഞിരുന്നു. അന്ന് ശമ്പളം നിഷേധിക്കപ്പെട്ടപ്പോൾ ചില ജീവനക്കാർ കോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല. 2014 ഫെബ്രുവരിയിലാണ് പിന്നീട് ഗ്രാന്റ് അനുവദിച്ചത്. ‘പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല’ എന്ന വ്യവസ്ഥയോടെ രജിസ്ട്രാറും ഫിനാൻസ് ഓഫിസറും ഒന്നിച്ച് പ്രസ്താവന നൽകിയാണ് എല്ലാ മാസവും ഗ്രാന്റിന് അപേക്ഷിക്കുന്നത്.
ഇത്തവണ ‘പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല’ എന്ന് ഒപ്പിട്ടുനൽകിയാൽ സർക്കാറിനെ കബളിപ്പിക്കലാവും. തസ്തിക സൃഷ്ടിച്ച കാര്യം സമ്മതിച്ചാൽ സർക്കാർ നടപടി വരും. ഈ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ സർവകലാശാല അധികൃതർ എന്തു മാർഗം തേടുമെന്ന് കണ്ടറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

