തിരുവനന്തപുരം: എം.ജി സർവകലാശാല സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.ഐക്ക് നട്ടെല്ല് നഷ്ടമായെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. എ.ഐ.എസ്.എഫിനെതിരായ എസ്.എഫ്.ഐ ആക്രമണത്തെ കുറിച്ച് സി.പി.ഐ നേതാക്കൾ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിക്കുന്നില്ല. പണ്ടൊക്കെ സി.പി.എമ്മിനെ തിരുത്താൻ സി.പി.ഐ ഉണ്ടായിരുന്നു. മാന്യമായ സംസ്കാരത്തിലേക്ക് വരാൻ സി.പി.ഐക്കാർക്കും കോൺഗ്രസിലേക്ക് വരാം.
ദേശീയ തലത്തിലുള്ള പ്രമുഖർ ഉൾപ്പെടെ കോൺഗ്രസിലേക്ക് ഇനിയും കടന്നുവരും. സി.പി.എമ്മിൽ നിന്ന് കൂടുതൽ പേർ കോൺഗ്രസിലേക്ക് എത്തും. സി.പി.ഐ യു.ഡി.എഫിലേക്ക് വന്നാൽ ഇരുകൈയും നീണ്ടി സ്വീകരിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി