ആർഷോയുടെ പി.ജി പ്രവേശനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എംജി യൂനിവേഴ്സിറ്റി
text_fieldsകോട്ടയം: എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ പി.എം. ആർഷോയുടെ പിജി പ്രവേശനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എംജി യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ്. ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലെ വിദ്യാർത്ഥിയായിരുന്നു പി.എം ആർഷോ. പി.ജി കോഴ്സിൽ ചട്ടവിരുദ്ധമായി പ്രവേശനം നേടിയതിനെ തുടർന്നാണ് അന്വേഷണം. ആറാം സെമസ്റ്ററിൽ ആവശ്യമായ ഹാജർ ഇല്ലാതെയാണ് ഏഴാം സെമസ്റ്ററിലേക്ക് ആർഷോ അഡ്മിഷൻ നേടിയത്.
എറണാകുളം മഹാരാജാസ് കോളജിൽ പഠിച്ചുകൊണ്ടിരുന്ന 2023 -2024 കാലഘട്ടത്തിലാണ് ഏഴാം സെമസ്റ്ററിലേക്ക് അനധികൃതമായി പ്രവേശനം നേടിയത്. ആറാം സെമസ്റ്ററിൽ ഹാജർ നില 10 ശതമാനത്തിൽ താഴെയായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തിൽ അന്ന് തന്നെ എം.ജി യൂനിവേഴ്സിറ്റിയുടെ ഇടത് സിൻഡിക്കേറ്റ് അംഗം ഇത് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പലിനോട് ഇതിന്റെ വിശദീകരണം ആരാഞ്ഞു. പ്രിൻസിപ്പലിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതുകൊണ്ട് താക്കീത് നൽകി അന്ന് തീർപ്പാക്കി വിട്ട ഒരു പരാതിയായിരുന്നു ഇത്.
ഇപ്പോൾ സിൻഡിക്കേറ്റ് മാറി യു.ഡി.എഫ് നേതൃത്വത്തിലായി. അന്ന് നടന്ന പല കാര്യങ്ങളിലും പുനപരിശോധനയും അന്വേഷണവും നടത്തുന്നതിന്റെ ഭാഗമായാണ് ആർഷോയുടെ അനധികൃത പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തിയത്. മുൻ ഇടത് സിൻഡിക്കേറ്റ് അംഗമായിരുന്ന പി ഹരികൃഷ്ണൻ കൃത്രിമരേഖ ഉണ്ടാക്കി യാത്രാബത്ത ഉൾപ്പെടെയുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതിലും സമഗ്രാന്വേഷണം നടത്താൻ യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

