പോസ്റ്ററിലെ ‘പാറ്റ’ വിവാദം: ഫണ്ട് തിരിച്ചുപിടിക്കാൻ എം.ജി; സർവകലാശാല ഫണ്ടില്ലാതെ കോൺഫറൻസ് നടത്താം
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല യൂനിയൻ നടത്തുന്ന ദേശീയ കോൺഫറൻസിന്റെ പോസ്റ്ററിൽനിന്ന് ‘പാറ്റ’യെ മാറ്റിയില്ല. അനുവദിച്ച തുക തിരികെ പിടിക്കാൻ സർവകലാശാല വി.സിയുടെ ഉത്തരവ്. യൂനിയന് സർവകലാശാല ഫണ്ടില്ലാതെ കോൺഫറൻസ് നടത്താമെന്നും ഉത്തരവിൽ പറയുന്നു.
കോൺഫറൻസിന്റെ പ്രചാരണ പോസ്റ്ററിൽ ‘പാറ്റ’യുടെയും ഷൂസിന്റെയും ചിത്രം ഉൾപ്പെടുത്തിയതാണ് ബി.ജെ.പി ബന്ധമുള്ള വി.സിയെ ചൊടിപ്പിച്ചത്. സർവകലാശാല കാമ്പസിൽ മൂന്നു മുതൽ ആറു വരെ നടക്കാനിരിക്കുന്ന നാഷനൽ കോൺഫറൻസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 3,75,000 രൂപക്ക് സർവകലാശാല ഭരണാനുമതി നൽകിയിരുന്നു.
ഇതിന്റെ 75 ശതമാനമായ 2,81,280 രൂപ മുൻകൂറായി അനുവദിച്ചു. എന്നാൽ, സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന യാതൊരു പരിപാടികളിലും ഒരുവിധ രാഷ്ട്രീയവും അനുവദിക്കുന്നതല്ലെന്നും ഇപ്രകാരം നടത്തുന്ന പരിപാടികളിൽ സർവകലാശാലയുടെ എംബ്ലം ഉപയോഗിക്കുകയാണെങ്കിൽ അതിന് മുൻകൂർ അനുമതി തേടേണ്ടതാണെന്നും കാണിച്ച് സർവകലാശാല 25ന് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കോൺഫറൻസുമായി ബന്ധപ്പെട്ട് കാമ്പസിൽ സ്ഥാപിച്ച ഫ്ലക്സുകൾ, ബാനറുകൾ, പോസ്റ്ററുകൾ ഉൾപ്പെടെ പ്രചാരണ സാമഗ്രികൾ 27ന് ഉച്ചക്ക് 12നു മുമ്പ് നീക്കാനായിരുന്നു വി.സിയുടെ അറിയിപ്പ്. എന്നാൽ, യൂനിയൻ ഇതിനു തയാറായില്ല.
വിഷയത്തിൽ യൂനിയൻ നൽകിയ വിശദീകരണം രജിസ്ട്രാർ തള്ളി. സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടികളിൽ രാഷ്ട്രീയം പാടില്ല എന്ന ഉത്തരവിന്റെയും സ്റ്റുഡന്റ്സ് കോഡ് ഓഫ് കോണ്ടക്ട് റൂൾസ് 2005, എം.ജി സർവകലാശാല കോഡ് ഓഫ് എത്തിക്സ് ആൻഡ് കോണ്ടാക്ട് എന്നിവയുടെയും ലംഘനമാണെന്നായിരുന്നു രജിസ്ട്രാറുടെ നിരീക്ഷണം. തുടർന്നാണ് വി.സി ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

