പുതിയ തലമുറക്ക് മൂല്യ ബോധം പകർന്നു കിട്ടേണ്ടത് കുടുംബങ്ങളിൽ നിന്നെന്ന് എം.ജി രാജമാണിക്യം
text_fieldsതിരുവനന്തപുരം: പുതിയ തലമുറക്ക് സംസ്കാരവും മൂല്യങ്ങളും പകർന്നു നൽകാനുള്ള കർത്തവ്യം കുടുംബങ്ങൾക്കാണെന്ന് റൂറൽ ഡവലപ്മെന്റ് കമീഷണറും സ്പെഷ്യൽ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം. ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴയ കാലത്തെ ഇല്ലായ്മകളുടെയും ദാരിദ്ര്യത്തിന്റെയും മധ്യത്തിൽ ജീവിച്ച തലമുറക്ക് കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ലഭിച്ചിരുന്ന സുഖവും സംതൃപ്തിയും സൗകര്യങ്ങൾ വർധിച്ച പുതിയ കാലത്ത് ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
എന്തെല്ലാമോ നേടാൻ വേണ്ടിയിട്ട് ജനങ്ങൾ പരക്കംപാഞ്ഞ് സ്വസ്ഥതയില്ലാത്ത ജീവിതമാണ് മിക്കവരുടെയും അവസ്ഥ. ധനമോ സുഖസൗകര്യങ്ങളോ ഉന്നത സ്ഥാന ലബ്ധി തന്നെയോ വ്യക്തികൾക്ക് സന്തോഷവും സുഖവും പ്രധാനം ചെയ്യാത്തതെന്തു കൊണ്ടാണെന്ന് ആഴത്തിൽ ചിന്തിക്കണം.
വ്യക്തിനിഷ്ഠയും, സ്വാർഥതയും സമൂഹത്തിൽ വളർന്നു കൊണ്ടിരിക്കുന്നതിന് തടയിടാൻ വ്യക്തികളിൽ മൂല്യ ബോധവും സംസ്കാരവും വളരണം. അതിന് കുടുംബ ബന്ധങ്ങൾ ശക്തിപ്പെടണം.
ഇന്ന് ആർക്കും സമയം മതിയാകാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം എന്തെന്ന് ചിന്തിക്കേണ്ട സന്ദർഭമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വ്യത്യസ്ത കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

