‘മാധ്യമ’ത്തിന്റെ ആർജവം ശ്ലാഘനീയം -എം.ജി. രാധാകൃഷ്ണൻ
text_fields‘മാധ്യമം’ വി ഹഗ്സ് പരിപാടിയിൽ അവാർഡ് ഏറ്റുവാങ്ങിയവർ മുഖ്യാതിഥികൾക്കൊപ്പം. മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, വി.എ. കബീർ, ടി.കെ. ഫാറൂഖ്, എം.ജി. രാധാകൃഷ്ണൻ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, ഐ.പി.ടി ചെയർമാൻ എം.ഐ. അബ്ദുൽ അസീസ്, സി.ഇ.ഒ പി.എം. സ്വാലിഹ്, എ.കെ. സിറാജലി, ജോയന്റ് എഡിറ്റർ പി.ഐ. നൗഷാദ്, ഓപറേഷൻസ് എഡിറ്റർ പി.എ. അബ്ദുൽ
ഗഫൂർ, സീനിയർ ന്യൂസ് എഡിറ്റർ ബി.കെ. ഫസൽ തുടങ്ങിയവർ സമീപം
കോഴിക്കോട്: അടിസ്ഥാനമൂല്യങ്ങൾ മുറുകെപ്പിടിച്ച് എതിർപ്പുകളെ നിവർന്നുനിന്ന് നേരിടുന്ന ‘മാധ്യമ’ത്തിന്റെ ആർജവത്തെ മാധ്യമലോകം എന്നും ആദരവോടെയാണ് വീക്ഷിച്ചതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ. വിവിധ മേഖലകളിൽ അംഗീകാരം നേടിയ ‘മാധ്യമം’ ജീവനക്കാരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വസിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത മാധ്യമത്തിന്റെ നിലപാട് പത്രത്തോട് അഭിപ്രായ വ്യത്യാസമുള്ളവരുടെപോലും ആദരവ് പിടിച്ചുപറ്റിയിട്ടുണ്ട്. പ്രലോഭനങ്ങളും ഭീഷണികളും നിറഞ്ഞ കാലത്ത് ആർജവത്തോടെ മുന്നോട്ടുപോവുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളുടെ അടിസ്ഥാനദൗത്യം ജനാധിപത്യത്തോട് ചേർന്നുനിൽക്കുക എന്നതാണ്. ജനാധിപത്യം പിറകോട്ടടിക്കുമ്പോൾ മാധ്യമങ്ങളും പ്രതിസന്ധിയിലാകുന്നു. മാധ്യമങ്ങളുടെ നിലനിൽപും പരിണാമവും ജനാധിപത്യത്തെ ആശ്രയിച്ചാണ്. ആയിരക്കണക്കിന് പത്രാധിപന്മാരുണ്ടായ കേരളത്തിൽ ഓർമിക്കപ്പെടുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ശക്തമായി നിലയുറപ്പിച്ചവരാണവർ. വിജ്ഞാനം വിരൽതുമ്പിലായ കാലത്ത് മാധ്യമ വിസ്ഫോടനമുണ്ടായെങ്കിലും അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യമാണ്. മാധ്യമ ബാഹുല്യവും സാങ്കേതികതയുടെ മുന്നേറ്റവും അച്ചടി, ദൃശ്യമാധ്യമങ്ങളെ പ്രതിസന്ധിയിലാക്കുമ്പോൾ സമൂഹമാധ്യമങ്ങൾ സ്വാധീനമുറപ്പിക്കുകയാണ്.
പക്ഷപാതമുള്ള മാധ്യമപ്രവർത്തകർ സുസമ്മതരാകുന്ന സാഹചര്യവുമുണ്ട്. സത്യം അപ്പുറത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തങ്ങൾ പറയുന്നതാണ് ശരിയെന്ന് സ്ഥാപിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മാധ്യമം’ വി ഹഗ്സ് അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥി എം.ജി. രാധാകൃഷ്ണൻ സംസാരിക്കുന്നു
അടിച്ചമർത്തപ്പെടുന്നവരുടെ അവകാശങ്ങൾക്കായി പൊരുതിയതാണ് മാധ്യമത്തിന്റെ ചരിത്രമെന്നും ഫാഷിസം വെല്ലുവിളി ഉയർത്തുന്ന കാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി ഇനിയും ശബ്ദമുയർത്തുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ഐഡിയൽ പബ്ലിക്കേഷൻസ് ട്രസ്റ്റ് ചെയർമാൻ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ഏറിവന്നാൽ ആറുമാസം മാത്രം കാലാവധി പ്രവചിക്കപ്പെട്ട ‘മാധ്യമം’ 37 വർഷം പൂർത്തിയാക്കിയത് ഒഴുക്കിനെതിരെ നീന്തിയും വെല്ലുവിളികൾ ആർജവത്തോടെ ഏറ്റെടുത്തുമാണെന്ന് ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. സാങ്കേതിക വിദ്യകൾക്കപ്പുറം എന്താണ് അച്ചടിക്കുന്നതെന്ന് സാകൂതം വീക്ഷിക്കുന്ന, മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള വായനക്കാരാണ് അതിന്റെ കൈമുതൽ. മൂന്നരപതിറ്റാണ്ടിന്റെ അനുഭവം സാക്ഷ്യമാണെന്നും ഇനിയും ഈ പ്രയാണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ആമുഖ പ്രഭാഷണം നടത്തി. എം.ജി. രാധാകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻ, ടി.കെ. ഫാറൂഖ്, പി.എം. സാലിഹ്, എഡിറ്റർ വി.എം. ഇബ്രാഹിം, അസോസിയറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അഷ്റഫ്, ഐ.പി.ടി അംഗം വി.എ. കബീർ, ജോ. എഡിറ്റർ പി.ഐ. നൗഷാദ്, ചീഫ് ഫിനാൻസ് ഓഫിസർ എ.കെ. സിറാജലി, ചീഫ് ഡിജിറ്റൽ ഓഫീസർ ഇംതിയാസ് അലി എന്നിവർ അംഗീകാരങ്ങൾ നേടിയ ജീവനക്കാർക്ക് ഉപഹാരം സമ്മാനിച്ചു. ഐ.പി.ടി സെക്രട്ടറി ടി.കെ. ഫാറൂഖ് സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

