മെട്രോ ഉദ്ഘാടനം: നിർദേശമൊന്നും കിട്ടിയിട്ടില്ലെന്ന് കെ.എം.ആർ.എൽ
text_fieldsകൊച്ചി: മെട്രോ റെയിൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു നിർദേശവും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കെ.എം.ആർ.എൽ അധികൃതർ. തീയതി നിശ്ചയിക്കുന്നത് വരെ കാത്തിരിക്കാനാണ് തങ്ങൾക്ക് കിട്ടിയ നിർദേശം. തങ്ങളുടെ വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഉദ്ഘാടനം സംബന്ധിച്ച് അറിയിപ്പ് നൽകേണ്ടത്. എന്നാൽ, അവിടെനിന്ന് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
മെട്രോ ഉദ്ഘാടനം മേയ് 30ന് നടത്തുമെന്ന് വെള്ളിയാഴ്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞുവെന്ന തരത്തിലെ പ്രചാരണം വിവാദമായിരുന്നു. ഇതിനെതിരെ ബി.ജെ.പി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. സംഭവം ചർച്ചയായതോടെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വ്യക്തമാക്കുകയായിരുന്നു. അതേസമയം ഒരാഴ്ചക്കുള്ളിൽ മെട്രോ പൂർണതോതിൽ യാത്രക്കായി സജ്ജമാകുമെന്ന് കെ.എം.ആർ.എൽ വ്യക്തമാക്കി.
