മെട്രോ: ആളുകളെ കയറ്റിയുള്ള പരീക്ഷണ ഓട്ടം ഉടൻ
text_fieldsകൊച്ചി: കൊച്ചിക്ക് മുകളിൽ തീർത്ത പാളങ്ങളിലൂടെ യാത്രക്കാരെ കയറ്റി ഇടതടവില്ലാതെ മെട്രോ പായുന്ന ദിനം അടുത്തെത്തിയതിെൻറ ആവേശത്തിലാണ് കേരളം. കേന്ദ്ര മെട്രോ സുരക്ഷ കമീഷണറുടെ യാത്രാനുമതി ലഭിച്ച ശേഷം ആരംഭിച്ച ട്രയൽ സർവിസ് വ്യാഴാഴ്ചയും തുടർന്നു. ആളുകളെ കയറ്റിയുള്ള പരീക്ഷണ ഓട്ടം ഉടൻ തുടങ്ങും. ഇതിനായി മെട്രോ ജീവനക്കാരെയായിരിക്കും ഉപയോഗപ്പെടുത്തുക. ആദ്യ ദിവസത്തേതിന് സമാനമായ ഷെഡ്യൂളിലാണ് വ്യാഴാഴ്ചയും സർവിസുകൾ നടത്തിയത്.
രാവിലെ 6.30 മുതൽ രാത്രി 9.30 വരെ പരീക്ഷണ ഒാട്ടം തുടർന്നു. യാത്രക്കാരെ കയറ്റിയുള്ള പരീക്ഷണ ഓട്ടം ശനിയാഴ്ചയോടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.നാല് ട്രെയിനുകളാണ് സർവിസ് തുടരുന്നത്. ഇവ എല്ലാത്തരത്തിലും സജ്ജമായ ശേഷമായിരിക്കും മറ്റ് രണ്ട് ട്രെയിനുകൾ ഉൾപ്പെടുത്തുക. ഇത് തിങ്കളാഴ്ച ആരംഭിക്കാനാണ് അധികൃതരുടെ ആലോചന. പൂർണ സുരക്ഷിതമായി സർവിസ് നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ജീവനക്കാരെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അപകട ഘട്ടത്തിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വ്യക്തമാകുന്നതിന് തിങ്കളാഴ്ച മോക്ഡ്രിൽ നടക്കും. തീപിടിത്തമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകാവുന്ന അപകടങ്ങൾ ചെറുക്കുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവ പരിശീലിപ്പിക്കും. ഇതിന് വേണ്ടി കൃത്രിമമായി ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കും. സ്റ്റേഷനുകളിലെ ആശയവിനിമയ സംവിധാനങ്ങളും സിഗ്നലിങ്ങുമാണ് വ്യാഴാഴ്ചയും പരിശോധിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള റൂട്ടിലെ 11 സ്റ്റേഷനുകളിലേക്ക് 142 തവണ ട്രെയിനുകൾ ഓടിയെത്തി.
മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് വ്യാഴാഴ്ചയും പരീക്ഷണ ഓട്ടം നടത്തിയത്. യാത്രക്കാർ ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാൽ സാധാരണ സർവിസ് നടത്തുന്ന തരത്തിലാണ് നിലവിൽ ട്രയൽ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സൗകര്യം ലഭിച്ചാൽ ഈ മാസം 27ന് മുമ്പ് ഉദ്ഘാടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡി.എം.ആർ.സി അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
