Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 ലക്ഷം കാഴ്ചക്കാർ, പിണറായിയും റിയാസും കമന്റിട്ട ‘കുട്ടി സഖാവ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കി മെറ്റ

text_fields
bookmark_border
20 ലക്ഷം കാഴ്ചക്കാർ, പിണറായിയും റിയാസും കമന്റിട്ട ‘കുട്ടി സഖാവ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കി മെറ്റ
cancel

മലപ്പുറം: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ തിരൂർ സ്വദേശി മുഹമ്മദ് സിയാന്റെ 'കുട്ടി സഖാക്കൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. കുട്ടികൾ സ്വന്തം അധ്വാനത്തിലൂടെ ഒരുക്കിയ പാർട്ടി ഓഫിസും ബാലസംഘം ഭാരവാഹികളെയും പരിചയപ്പെടുത്തുന്ന വിഡിയോ വൈറലായതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. 24 മണിക്കൂറിനുള്ളിൽ 20 ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോക്ക് താഴെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം കമന്റ് ചെയ്തിരുന്നു. നടപടിക്ക് പിന്നാലെ അക്കൗണ്ട് തിരികെ ലഭിക്കാൻ മെറ്റയ്ക്ക് അപ്പീൽ നൽകിയിരിക്കുകയാണ് സിയാനും കുടുംബവും.

"ഇതാണ് ഞങ്ങടെ പാർട്ടി ഓഫിസ്... ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്" എന്ന ഡയലോഗിലൂടെയാണ് കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. മുതിർന്നവരടക്കം നിരവധി പേരാണ് കൗതുകമുണർത്തുന്ന ഈ വിഡിയോ ഏറ്റെടുത്തത്. വിഡിയോക്ക് താഴെ പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. എന്നാൽ, വിഡിയോക്ക് വൻ സ്വീകാര്യത ലഭിച്ചതിന് തൊട്ടുപിന്നാലെ അക്കൗണ്ട് പേജ് ലഭ്യമല്ലാതാകുകയായിരുന്നു.

ഇടതുപക്ഷ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണ് നടപടിയെന്ന് സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയരുന്നുണ്ടെങ്കിലും അക്കൗണ്ട് പൂട്ടിയതിൽ മെറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല.

അതേസമയം, അക്കൗണ്ട് നഷ്ടപ്പെട്ടതിൽ തനിക്ക് യാതൊരു സങ്കടവുമില്ലെന്ന് വൈറൽ താരം മുഹമ്മദ് സിയാൻ വ്യക്തമാക്കി. "ചെങ്കൊടി ഞങ്ങളുടെ മനസ്സിലാണുള്ളത്, ഇനിയും പുതിയ വിഡിയോകൾ ചെയ്യും"- സിയാൻ പറഞ്ഞു. മികച്ച റീച്ച് ഉണ്ടായിരുന്ന പേജാണ് പെട്ടെന്ന് നഷ്ടപ്പെട്ടതെന്നും, അക്കൗണ്ട് തിരികെ ലഭിക്കുന്നതിനായി വിഷയം ചൂണ്ടിക്കാട്ടി മെറ്റയ്ക്ക് ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും സിയാന്റെ പിതാവും പ്രതികരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വി. അബ്ദുറഹ്മാൻ വിജയിക്കുമെന്ന് പന്തയം വെച്ചതിലൂടെയാണ് മുഹമ്മദ് സിയാൻ ആദ്യമായി സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്. അതിനിടെ, രാഷ്ട്രീയ ബന്ധമുള്ള പോസ്റ്റുകൾ മെറ്റ വ്യാപകമായി നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേർ വിമർശനം ഉന്നയിക്കുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meta Removes Viral Instagram Account of 'Kutti Sakhakkal' Fame Muhammad Ziyan
Next Story