പോസ്റ്റുകൾ പിൻവലിക്കപ്പെട്ടതിന് കാരണം സാങ്കേതിക തകരാർ; മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത വിഷയത്തിൽ വിശദീകരണവുമായി മെറ്റ
text_fieldsവി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചുകൊണ്ടുള്ള മാധ്യമങ്ങളുടെയും വ്യക്തികളുടെയും സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി മെറ്റ. തങ്ങളുടെ ആഭ്യന്തര ഓട്ടോമേറ്റഡ് മോഡറേഷൻ സംവിധാനത്തിലുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകൾക്ക് ജിയോ-ബ്ലോക്കിങ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും, ഇതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ പരാതിയോ ഇടപെടലോ ഉണ്ടായിട്ടില്ലെന്നും മെറ്റ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കൈരളി, റിപ്പോർട്ടർ ടി.വി, ദേശാഭിമാനി ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ മുഖ്യമന്ത്രിയെ വിമർശിച്ചുകൊണ്ട് വന്ന വാർത്താ കാർഡുകളും ലിങ്കുകളും നീക്കം ചെയ്യപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്ര ഐ.ടി ചട്ടങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ ഇടപെട്ടാണ് പോസ്റ്റുകൾ നീക്കം ചെയ്യിച്ചതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കൾ രംഗത്തെത്തി. കേരള പത്രപ്രവർത്തക യൂണിയനും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ സർക്കാരിനോ തന്റെ ഓഫീസിനോ യാതൊരു പങ്കുമില്ലെന്നും, വിമർശനങ്ങളെ ഭയന്ന് മാധ്യമങ്ങളുടെ വായടപ്പിക്കാൻ ശ്രമിക്കാറില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സൈബർ പോലീസ് മെറ്റയ്ക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്നും സാങ്കേതിക തകരാറാണ് കാരണമെന്നും വ്യക്തമാക്കി മെറ്റ വിശദീകരണം നൽകിയത്. നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

