മെസ്സിയുടെ പേരിലെ കള്ളക്കളി; തുടർനടപടി ഗവർണർക്ക് പാസ് ചെയ്ത് സർക്കാർ, 126 കോടി നൽകിയതിന് രേഖയില്ല
text_fieldsതിരുവനന്തപുരം: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും അർജന്റന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന ആക്ഷേപത്തിനിടെ തുടർ നീക്കവുമായി സർക്കാർ. മുന് കായിക മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എസ്.ഐ.ടി പ്രാഥമിക റിപ്പോർട്ടിൽ തുടർനടപടിക്ക് സര്ക്കാര് ഗവർണറുടെ അനുമതി തേടി.
മുൻമന്ത്രിക്കെതിരായ അന്വേഷണമായതിനാൽ ഗവർണറുടെ അനുമതി വേണമെന്ന ആഭ്യന്തര വകുപ്പിന്റെ ശിപാർശ പരിഗണിച്ചുള്ള ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി. മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്സിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും അന്വേഷണം നടത്തും. ഇവർക്കെതിരായ അന്വേഷണത്തിന് അനുമതിയായിട്ടുണ്ട്.
എന്നാൽ, മുൻ മന്ത്രിയെന്ന നിലയിലാണ് വി. അബ്ദുറഹ്മാനെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്. ഭാവിയിൽ കോടതിയിൽ ഉൾപ്പെടെ ഈ വിഷയം ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ഈ നീക്കം. എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ തുടർനടപടി സ്വീകരിക്കുന്നില്ലെന്നും ഇത് ഒത്തുകളിയാണെന്നും ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. സ്പോൺസറായിരുന്ന സ്വകാര്യ കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്.ഐ.ടിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വിദേശയാത്ര നടത്തി സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഇതുവഴി അബ്ദുറഹ്മാൻ മറ്റെന്തെങ്കിലും നേട്ടങ്ങള് കൈകവരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ റിപ്പോർട്ട് നിർദേശിച്ചു. സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭമുണ്ടാക്കാൻ വഴിവിട്ട് ഉത്തരവുകള് ഇറക്കിയതുൾപ്പെടെയുള്ള ഇടപെടലുകളാണ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലനെതിരായ കുറ്റം. വകുപ്പ് സെക്രട്ടറി അറിയാതെ സത്യപാലൻ ഫയല് കൈകാര്യം ചെയ്യുകയും സര്ക്കാറിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി അന്വേഷണ റിപ്പോർട്ടിലുണ്ട്.
126 കോടി നൽകിയതിന് രേഖയില്ല
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ അർജന്റീന ഫുട്ബാൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്ന സ്പോൺസർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം സാധൂകരിക്കുന്ന ഔദ്യോഗിക രേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കാനോ സാധിച്ചിട്ടില്ലെന്ന് മന്ത്രി ഒ.ജെ. ജെനീഷ് നിയമസഭയിൽ അറിയിച്ചു. ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം എ2, ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് എന്നിവയൊന്നും സർക്കാറിൽ ലഭ്യമല്ല. ഈ വിഷയം അന്വേഷണപരിധിയിൽ വരും.
മുൻ കായിക മന്ത്രി, അന്നത്തെ സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് സെക്രട്ടറി, ഡയറക്ടർ എന്നിവർ നടത്തിയ സ്പെയിൻ സന്ദർശനവും അന്വേഷണപരിധിയിലുണ്ട്. രാജ്യാന്തര കായിക ഉച്ചകോടി സംബന്ധിച്ച് സാമ്പത്തിക തട്ടിപ്പ് ആരോപണം അന്വേഷിക്കാൻ കായിക-യുവജനകാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കായിക ഉച്ചകോടിയുടെ ഈവന്റ് മാനേജ്മെന്റ്, കാറ്ററിങ് കരാറുകാർ എന്നിവ ടെൻഡറില്ലാതെ മുൻ കായിക മന്ത്രിയുടെ അടുപ്പക്കാർക്ക് നൽകിയെന്ന ആരോപണവും അന്വേഷണപരിധിയിൽ വരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

