മെസിയുടെ പേരിൽ തട്ടിപ്പ്: സർക്കാർ പദ്ധതിയെന്ന് സ്പോൺസർ, ജി.എസ്.ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ നൽകിയ മൊഴി പുറത്ത്
text_fieldsതിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സർക്കാർ പദ്ധതിയാണെന്ന് സ്പോൺസർ. കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.കെ. സജിനിക്ക് സ്പോൺസറായ ആന്റോ അഗസ്റ്റിൻ കഴിഞ്ഞ ആഗസ്റ്റ് മൂന്നിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. അർജന്റീനൻ ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്ന പദ്ധതിയിൽ എങ്ങനെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഭാഗമായത് എന്ന ചോദ്യത്തിന് നൽകിയ മൊഴിയാണ് പുറത്തുവന്നത്.
സർക്കാർ തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് ജി.എസ്.ടി വകുപ്പിന് ആന്റോ അഗസ്റ്റിൻ മറുപടിയാണ് നൽകിയത്. ആദ്യം സർക്കാർ സമീപിച്ചത് ഗോൾഡ് മർച്ചന്റ്സ് അസോസിയേഷനെയാണ്. എന്നാൽ, അവർക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് റിപ്പോർട്ടർ കമ്പനിയെ സമീപിച്ചത്. അർജന്റീനൻ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് കളികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. അത് സ്പോൺസർ ചെയ്യണം. അങ്ങനെയാണ് പണം നൽകാൻ തങ്ങൾ തീരുമാനിച്ചത്. ആ പരിപാടി ഏറ്റെടുത്താൽ കമ്പനിയുടെ മൂല്യം വർധിക്കുമെന്ന് തോന്നിയെന്നും ആന്റോയുടെ മൊഴിയിൽ പറയുന്നു.
ഞങ്ങളുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ പ്രതിനിധികൾ അർജന്റീനൻ ഫുട്ബോൾ ഫെഡറേഷനുമായി സ്പെയിനിൽ വെച്ച് ചർച്ച നടത്തിയിരുന്നു. അന്നത്തെ മന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പെടെയാണ് ചർച്ച നടത്തിയെന്നും ആന്റോ നൽകിയ മൊഴിയിൽ പറയുന്നു. അവരെല്ലാം തീരുമാനിച്ചു, തങ്ങൾ സ്പോൺസർ മാത്രം എന്ന് ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. പരിപാടി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടേതെന്ന് കഴിഞ്ഞ ദിവസവും മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. മറ്റു മാധ്യമ സ്ഥാപനങ്ങൾ നടത്തുന്നത് പോലെ ആ മാധ്യമ സ്ഥാപനത്തിന്റെ സ്വന്തം പരിപാടിയെന്ന നിലയിൽ പ്രധാന ടീമിനെ കൊണ്ടുവരാൻ അവർ തീരുമാനിച്ചതാണെന്നും അതിന് സർക്കാരുമായി ബന്ധമില്ലെന്നുമുള്ള തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ ന്യായീകരണമാണ് ഇതോടെ പൊളിയുന്നത്.
അതേസമയം, ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മത്സരത്തിനായി സർക്കാർ ദുരന്ത നിവാരണ ഫണ്ട് വിനിയോഗിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ് അന്വേഷണത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല യോഗത്തിലാണ് തീരുമാനമെടുത്തത്. മെസി തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രേഖകൾ കണ്ടെടുത്തു. 2025 ഒക്ടോബർ 17 ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സി.എസ്.ആർ സ്പോൺസർഷിപ്പ് എന്നിവയ്ക്കൊപ്പമാണ് ഫണ്ടിന്റെ കാര്യവും അറിയിച്ചത്.
യോഗത്തിന്റെ മിനിട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സ് തയ്യാറാക്കിയത് യോഗം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ്. മത്സര നടത്തിപ്പിന് ഖജനാവിൽ നിന്ന് ഒരു പൈസ പോലും ചിലവാക്കില്ലെന്നായിരുന്നു മുൻ സർക്കാരിന്റെ അവകാശവാദമെന്നാണ് ഇതോടെ പൊളിയുന്നത്. റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ ആണ് കേസിലെ ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ഉണ്ടാക്കിയ കരാറിൽ കള്ളത്തരങ്ങളും നിയമവിരുദ്ധമായ വിവരങ്ങളും ഉൾപ്പെടുത്തി സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ചു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
മെസ്സിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് അയച്ചതായി അവകാശപ്പെട്ടിരുന്നുവെങ്കിലും കായിക വകുപ്പിന്റെ പരിശോധനയിൽ ഇതിന് തെളിവുകളൊന്നും കണ്ടെത്താനായില്ല. കമ്പനി 25.78 കോടി രൂപയുടെ ജി.എസ്.ടി നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ റിപ്പോർട്ടർ ടി.വി ആസ്ഥാനം, പ്രൊമോട്ടർമാരുടെ ഫ്ലാറ്റുകൾ, വയനാട്ടിലെ തറവാട്ടു വീട് ഉൾപ്പെടെ അഞ്ചോളം സ്ഥലങ്ങളിൽ എസ്.ഐ.ടി 20 മണിക്കൂറിലധികം നീണ്ട റെയ്ഡാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

