മലപ്പുറം ജില്ല സഹകരണ ബാങ്ക്-കേരള ബാങ്ക് ലയനം; ഇടപെടാനാവില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചും
text_fieldsകൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്ന നടപടികളിൽ ഇടപെടാനാവില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ചും വ്യക്തമാക്കി. ലയന നടപടികളിൽ ഇടപെടുന്നില്ലെന്ന് കഴിഞ്ഞദിവസം സിംഗിൾബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മലപ്പുറം ജില്ല ബാങ്ക് പ്രസിഡന്റുകൂടിയായ യു.എ. ലത്തീഫ് എം.എൽ.എയടക്കമുള്ള ഹരജിക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
ലയന നടപടി പൂർത്തിയായതായി അപ്പീലിൽ സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് വിശദീകരിച്ചു. നേരത്തേ ലയനനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സിംഗിൾബെഞ്ച് നിരസിച്ചിരുന്നു.
ലയനത്തിനായി സഹകരണ രജിസ്ട്രാർ സ്വീകരിച്ച നടപടി സഹകരണ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമാണെന്ന് വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവ് നൽകാൻ വിസമ്മതിച്ചത്. സംസ്ഥാനത്തെ 13 ജില്ല സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി നേരത്തേ ഹൈകോടതി ശരിവെച്ചിരുന്നു.
ലയന നടപടികൾ പൂർത്തിയായി; എല്ലാ ജില്ലകളിലും കേരള ബാങ്ക് നിലവിൽ
മലപ്പുറം: മലപ്പുറം ജില്ല സഹകരണ ബാങ്ക് (എം.ഡി.സി) കേരള ബാങ്കിൽ ലയിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ബാങ്ക് ഏറ്റെടുത്ത് സഹകരണ സംഘം രജിസ്ട്രാർ അന്തിമ ഉത്തരവിറക്കിയതോടെയാണ് ലയനം പൂർത്തിയായത്. വ്യാഴാഴ്ച രാത്രി തന്നെ എം.ഡി.സി ബാങ്കിനെ ഏറ്റെടുത്ത് സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ് ഉത്തരവിറക്കിയിരുന്നു. ഇതോടെ എം.ഡി.സി ബാങ്കുമായി ബന്ധപ്പെട്ട ആസ്തികളും ഇടപാടുകളും കേരള ബാങ്കിന്റെ നിയന്ത്രണത്തിലായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേരള ബാങ്ക് നിലവിൽ വന്നു.
മലപ്പുറം കേന്ദ്രത്തിന്റെ ഭരണ നടപടികൾക്ക് നേതൃത്വം നൽകാൻ സ്പെഷൽ ഓഫിസറായി എറണാകുളം കോർപ്പറേറ്റ് ഓഫിസ് ജനറൽ മാനേജർ ഡോ. അനിൽ കുമാറിനെ നിയമിച്ചു. ഇദ്ദേഹത്തിന് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല നൽകിയിട്ടുണ്ട്. പുതിയ സംവിധാനം വന്നതോടെ നിലവിലെ ഭരണസമിതിക്ക് പുറത്ത് പോകേണ്ടി വരും. 2022 ഡിസംബറിൽ ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള കരട് ഉത്തരവിറങ്ങിയിരുന്നു.
ഇതിനിടെ വ്യാഴാഴ്ച ഹൈകോടതി ഉത്തരവ് കൂടി വന്നതോടെ സഹകരണ സംഘം രജിസ്ട്രാർ നടപടികൾ വേഗത്തിലാക്കുകയായിരുന്നു. കേരള ബാങ്ക് രൂപവത്കരണത്തിന് നിയമസഭ പാസാക്കിയ നിയമഭേദഗതി നിയമത്തിലെ വ്യവസ്ഥകളുടെ ഭരണഘടന സാധുത ചോദ്യം ചെയ്ത് ബാങ്ക് പ്രസിഡന്റ് യു.എ. ലത്തീഫ് എം.എൽ.എ ഉൾപ്പെടെ നൂറോളം ഹരജികൾ കോടതിയിലെത്തിയതോടെയാണ് മലപ്പുറം ജില്ലയിൽ കേരള ബാങ്ക് രൂപവത്കരണം നീണ്ടത്.
കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമസഭ പാസാക്കിയ പുതിയ ഭേദഗതികളെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ സഹകരണ രജിസ്ട്രാർ സ്വീകരിച്ച നടപടികൾ വ്യവസ്ഥകൾക്കനുസൃതമാണെന്ന് ഹൈകോടതി വിലയിരുത്തി. വിധിയുടെ പശ്ചാത്തലത്തിൽ നിലവിലെ നടപടികൾ വേഗത്തിലാക്കാൻ സഹകരണ സംഘം രജിസ്ട്രാർക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

