Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെർക്കുറി ക്രീമുകൾ വ്യാപിച്ചത് സർക്കാർ മൗനം മുതലെടുത്ത്

text_fields
bookmark_border
Mercury Creams
cancel

മലപ്പുറം: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മുഖകാന്തി ക്രീമുകൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കാത്തതാണ് ഇവ വിപണിയിൽ സുലഭമാവാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിർബാധം വിൽക്കപ്പെടുന്ന മുഖകാന്തി ക്രീമുകളിൽ അമിതമായ അളവിൽ മെർക്കുറി (രസം) ഉൾപ്പെടെയുള്ള വിഷലോഹങ്ങളും സ്റ്റിറോയിഡുകളും അടങ്ങിയിട്ടുണ്ടെന്ന് സെൻട്രൽ ഡ്രഗ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.ഇ.ഒ) മുന്നറിയിപ്പുണ്ട്. കേന്ദ്ര ലാബുകളിലെ പരിശോധനകളിൽ ഇത്തരം ക്രീമുകളിൽ അനുവദനീയമായതിലും എത്രയോ ഇരട്ടി അളവിൽ മെർക്കുറി, ലെഡ് തുടങ്ങിയ ഘനലോഹങ്ങൾ കണ്ടെത്തിയിട്ടും ഇവയുടെ വിപണനം തടയാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഒന്നും ചെയ്തിട്ടില്ല.

ചർമരോഗങ്ങൾ ഭേദമാക്കുമെന്ന തരത്തിലുള്ള തെറ്റായ പരസ്യങ്ങൾ നൽകുന്നതിന് കോസ്മെറ്റിക്സ് ചട്ടപ്രകാരം കർശന വിലക്കുണ്ട്. ചർമത്തിലൂടെ രക്തത്തിൽ കലരുന്ന മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാനും നാഡീവ്യവസ്ഥയെ ബാധിച്ച് വിറയൽ, ഓർമക്കുറവ്, ക്ഷീണം എന്നിവ ഉണ്ടാക്കാനും കാരണമാകും. ഇത്തരം ക്രീമുകളിലെ ശക്തിയേറിയ സ്റ്റിറോയിഡുകൾ ചർമത്തെ നേർത്തതാക്കുകയും ഞരമ്പുകൾ തെളിഞ്ഞുകാണാൻ ഇടയാക്കുകയും ചെയ്യുന്നു. കൂടാതെ കടുത്ത മുഖക്കുരു, ചുവപ്പ്, ചൊറിച്ചിൽ, മുഖത്ത് അമിതമായ രോമവളർച്ച എന്നിവക്കും കാരണമാകാം. ദീർഘകാലം ഉപയോഗിക്കുന്നത് ചർമത്തിൽ നീല കലർന്ന കറുത്ത പാടുകൾ സ്ഥിരമായി വീഴാൻ കാരണമാകും.

ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ പാളി നശിക്കുന്നതിനാൽ വെയിലേൽക്കുമ്പോൾ വേഗത്തിൽ പൊള്ളലേൽക്കാനും ചർമരോഗങ്ങൾ വരാനും സാധ്യത കൂടും. സൗന്ദര്യവർധക ഉൽപന്നങ്ങളിൽ മെർക്കുറി ഉപയോഗിക്കുന്നത് പ്രധാനമായും ചർമത്തിലെ മെലാനിൻ ഉൽപാദനം കുറക്കുന്നതിനും അതിലൂടെ ചർമം വെളുപ്പിക്കുന്നതിനുമാണ്. മെർക്കുറി അടങ്ങിയ ചർമം വെളുപ്പിക്കുന്ന ഉൽപന്നങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്.

ശ്രദ്ധിക്കുക

ചേരുവകൾ വ്യക്തമായി രേഖപ്പെടുത്താത്തതോ ഓൺലൈനിലൂടെയും അല്ലാതെയും പ്രാദേശികമായി നിർമിച്ച് വിൽക്കുന്നതോ ആയ ക്രീമുകൾ ഒഴിവാക്കുക.

മുഖത്തെ കറുത്ത പാടുകളോ നിറവ്യത്യാസമോ മാറ്റാൻ ചർമരോഗ വിദഗ്ധന്റെ നിർദേശപ്രകാരം മാത്രം മരുന്നുകളോ ക്രീമുകളോ ഉപയോഗിക്കുക.

ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താൻ സൺസ്ക്രീൻ, മോയിസ്ചറൈസർ എന്നിവ ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതുമാണ് സുരക്ഷിതമായ മാർഗം.

ബാലാവകാശ കമീഷന്‍ കേസെടുത്തു

മലപ്പുറം: മുഖകാന്തി വര്‍ധിപ്പിക്കാൻ ലേപനം ഉപയോഗിച്ചതിനെ തുടര്‍ന്ന് മെര്‍ക്കുറി വിഷബാധയേറ്റ് 17കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന വാര്‍ത്തയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ സ്വമേധയാ കേസെടുത്തു.

ഓണ്‍ലൈന്‍ വഴി വാങ്ങിയ ലേപനം ഒരു വര്‍ഷത്തോളം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകളോടെയാണ് കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ ശരീരത്തിലെ മെര്‍ക്കുറിയുടെ അളവ് അപകടകരമായ നിലയില്‍ ഉയര്‍ന്നതായി കണ്ടെത്തുകയായിരുന്നു.

ലബോറട്ടറി പരിശോധനയില്‍ ലേപനത്തില്‍ മെര്‍ക്കുറിയുടെ അളവ് അമിതമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍, സംസ്ഥാന പൊലീസ് മേധാവി, ഔഷധ നിയന്ത്രണ വിഭാഗം മേധാവി, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരോട് ബാലാവകാശ കമീഷന്‍ വിശദീകരണം തേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mercury Creams Spread Amid Government Silence
Next Story