സംസ്ഥാനത്ത് സ്വർണത്തിന് ഏകീകൃത വില നിശ്ചയിക്കാൻ വ്യാപാരികളുടെ ചർച്ച
text_fieldsകൊച്ചി: സ്വർണാഭരണ വ്യാപാരമേഖലയിൽ ഒരുമാസമായി തുടരുന്ന വിലത്തർക്കം തീർക്കാൻ ചർച്ച സജീവം. 50 വർഷത്തിലധികമായി മേഖലയിൽ ദിവസേന സ്വർണവില നിശ്ചയിക്കുന്നത് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ്.
ഓരോ ദിവസത്തെയും അന്താരാഷ്ട്രവിലയും ബാങ്ക് നിരക്കുകളും മുംബൈ നിരക്കും പരിഗണിച്ച് രൂപയുടെ വിനിമയനിരക്ക് അടിസ്ഥാനത്തിലാണ് ദിനേന സ്വർണവില നിശ്ചയിക്കുന്നത്. എന്നാൽ, ചില ജ്വല്ലറികൾ വില താഴ്ത്തി വിൽക്കുന്നതോടെ വരുന്ന അനിശ്ചിതാവസ്ഥ നീക്കാനാണ് ചർച്ച.
കടുത്ത മത്സരം നേരിടുന്ന സംസ്ഥാനത്തെ സ്വർണ വിപണിയിൽ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചാണ് വൻകിട ജ്വല്ലറികൾ പ്രവർത്തിക്കുന്നത്. മേയ് 23ന് കൊച്ചിയിൽ എ.കെ.ജി.എസ്.എം.എ വിളിച്ച യോഗത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വൻകിട ജ്വല്ലറി പ്രതിനിധികളും അസോസിയേഷൻ പ്രതിനിധികളും പങ്കെടുത്തിരുന്നു. സ്വർണ വ്യാപാരമേഖലയിലെ കിടമത്സരങ്ങൾ ഒഴിവാക്കാനും ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഓഫറുകൾ നൽകുന്ന പരസ്യങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഏകീകൃത വില എന്ന നിലയിലേക്ക് എത്തിയിരുന്നു.
എ.കെ.ജി.എസ്.എം.എ പ്രഖ്യാപിക്കുന്ന വിലയിലാണ് എല്ലാവരും വിൽപന നടത്തിയിരുന്നതെന്നും എന്നാൽ ചില വൻകിട, ഇടത്തരം സ്വർണ വ്യാപാരികൾ ധാരണ അംഗീകരിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു. വൻകിട ജ്വല്ലറികളും അസോസിയേഷനും തമ്മിലുണ്ടായ ധാരണ നടപ്പിൽ വരാത്തതിൽ പ്രതിഷേധിച്ച് ഒരു ഗ്രൂപ് അസോസിയേഷൻ പ്രഖ്യാപിക്കുന്ന വിലയെക്കാൾ കുറക്കുന്നത് വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കി.
പണിക്കൂലിയെ മാത്രം ആശ്രയിച്ച് വ്യാപാരം ചെയ്യുന്ന വലിയവിഭാഗം ചെറുകിട വ്യാപാരികൾ ഇതോടെ കടുത്ത ആശങ്കയിലാണ്. സാഹചര്യങ്ങൾ മനസ്സിലാക്കണമെന്ന് വ്യാപാരികളോട് അഭ്യർഥിച്ച ഭാരവാഹികൾ പ്രശ്നപരിഹാരത്തിന് ചർച്ച തുടരുകയാണെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

