വ്യാപാരിയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിഞ്ഞു; വലയിലായതായി സൂചന
text_fieldsവടകര: വ്യാപാരിയെ കടയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയുള്ള അന്വേഷണത്തിലാണ് അടുത്തിടെ വടകര ടൗണിനോടു ചേർന്ന പ്രദേശത്ത് പ്രതി താമസിച്ചതായും ബോട്ടിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതായും വിവരം ലഭിച്ചത്.
ഫോൺ ലൊക്കേഷൻ മുഖേന നടത്തിയ അന്വേഷണത്തിൽ കുറ്റിപ്പുറത്തുവെച്ച് പ്രതിയുടേതെന്നു സംശയിക്കുന്ന ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്.പ്രതി ഉടൻ വലയിലാകുമെന്നാണ് പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. സ്വവർഗാനുരാഗികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്.
ശനിയാഴ്ച രാത്രി 11 നാണ് പഴയ സ്റ്റാൻഡിനോട് ചേർന്ന മാർക്കറ്റിലെ ഇ.എ ട്രേഡേഴ്സ് കടയിൽ വ്യാപാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.പുതിയാപ്പ് സ്വദേശി വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെയാണ് (62) മരിച്ചനിലയിൽ കണ്ടത്.
രാത്രി വൈകിയും ഇയാൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ കടയിൽ നടത്തിയ പരിശോധനയിലാണ് കട പാതി തുറന്ന നിലയിൽ രാജനെ കടക്കകത്ത് പലചരക്ക് സാധനങ്ങൾക്ക് മുകളിൽ മരിച്ചനിലയിൽ കണ്ടത്.പ്രതിയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

