മനോരോഗത്താൽ കുറ്റമുക്തരായവരുടെ പുനരധിവാസം: നടപടി അറിയിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: മനോരോഗിയെന്ന പേരിൽ കേസിൽനിന്ന് കുറ്റവിമുക്തരാക്കപ്പെടുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. രോഗവിമുക്തരായ ശേഷവും മാനസികാരോഗ്യ കേന്ദ്രങ്ങളിലുള്ളവരുടെ പുനരധിവാസ കാര്യത്തിൽ നിലവിലെ സ്ഥിതിയും സൗകര്യങ്ങൾ ഒരുക്കുന്നതിലെ നിലപാടും അറിയിക്കാനും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. എറണാകുളത്ത് 10 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളായതിനാൽ കുറ്റമുക്തനാക്കപ്പെട്ടെങ്കിലും പുനരധിവസിപ്പിക്കാൻ സൗകര്യമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻബെഞ്ചിന്റെ ഇടപെടൽ.
ഹരജിക്കാരനെതിരെ സെഷൻസ് കോടതി വിധിച്ച ശിക്ഷ 2023ൽ ഹൈകോടതി റദ്ദാക്കിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. മറ്റു ഗുരുതര രോഗങ്ങളുള്ളതിനാൽ മെഡിക്കൽ കോളജിൽ തുടർചികിത്സ നൽകുന്നുണ്ടെങ്കിലും പുനരധിവാസം സാധ്യമല്ലാത്ത അവസ്ഥയുള്ളതായി കോടതി കണ്ടെത്തി. സമാന അവസ്ഥയിലുള്ളവർ വേറെയുമുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്ന് ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ അഭിഭാഷകയെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. പുനരധിവാസ സൗകര്യം ഒരുക്കാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് നിയമത്തിൽ പറയുന്നതായി അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
പുനരധിവാസ സൗകര്യമില്ലാത്തതിനാൽ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗം ഭേദമായ നൂറിലേറെ പേർ കഴിയുന്നുണ്ട്. ബന്ധുക്കൾ സംരക്ഷിക്കാൻ തയാറല്ലെങ്കിൽ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തണമെന്നും നിയമത്തിൽ പറയുന്നതായും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് കോടതി സാമൂഹികക്ഷേമ ഡയറക്ടറെ സ്വമേധയാ കക്ഷിചേർത്ത് പുനരധിവാസ സൗകര്യം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. പുനരധിവാസ മാർഗമില്ലാതെ ആശുപത്രിയിൽ ദീർഘനാൾ തുടരുന്നത് അവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

