ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒരുങ്ങുന്നു
text_fieldsകണ്ണൂർ: സെൻട്രൽ ജയിലുകളിൽ തടവുകാർക്കായി മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. ആദ്യഘട്ടത്തിൽ കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് കേന്ദ്രങ്ങൾ തുറക്കുക.
തടവുകാരിൽ മയക്കുമരുന്ന് ശീലമാക്കിയവർ കൂടിവരുകയും അവർ അക്രമകാരികളായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇവരുടെ ചികിത്സക്കായി ജയിലിൽത്തന്നെ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. സെൻട്രൽ ജയിലുകളായ കണ്ണൂർ, വിയ്യൂർ, പൂജപ്പുര ജയിലുകളിലാണ് ആശുപത്രികൾ സജ്ജമാക്കുന്നത്.
സെൻട്രൽ ജയിലുകളിൽ ലഹരിക്കടിപ്പെടുന്നവർ കൂടുന്നുവെന്നാണ് അധികൃതരുടെ കണക്ക്. കൂടാതെ ഇവരിൽ അധികവും സ്ഥിരം കുറ്റവാളികളുമാണ്.
ജയിലുകളിൽ അക്രമാസക്തരാകുന്നവരുടെയും ആത്മഹത്യക്ക് ശ്രമിക്കുന്നവരെയും എണ്ണം പെരുകുകയാണ്. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ഇത്തരക്കാരെ ചികിത്സക്കായി എത്തിക്കുന്നത്. അതത് ജയിലുകളിൽ ആരോഗ്യ കേന്ദ്രം ഒരുങ്ങുന്നതോടെ ഈ ബുദ്ധിമുട്ടിനും പരിഹാരമാകും. രണ്ടുകോടി ചെലവിട്ട് ജയിലുകളിലെ കോമ്പൗണ്ടിൽ തന്നെയാണ് കേന്ദ്രങ്ങൾ ഒരുക്കുക. നൂറുപേർക്ക് ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സ്ഥിര സേവനം ഉറപ്പാക്കും. ടി.വി ഹാൾ, കലാ -കായിക പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യവുമുണ്ടാകും. ആവശ്യമുള്ള തടവുകാർക്ക് കൗൺസലിങ് സൗകര്യവും ഒരുക്കും.
ലഹരിക്കേസുകളിലെ പ്രതികൾ മാത്രമല്ല, കൊലപാതകങ്ങളിലും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ ജയിലിലെത്തുന്നവരിലും ലഹരിക്കടിപ്പെട്ടവരുണ്ട്.
റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതികൾ കുറ്റകൃത്യങ്ങളിലേർപ്പെട്ട് വീണ്ടും ജയിലിലെത്തുന്നത് പതിവായതോടെയാണ് ജയിലിൽ ലഹരിവിമുക്ത കേന്ദ്രങ്ങളായി മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ, കണ്ണൂർ സെൻട്രൽ ജയിലിൽ കഞ്ചാവ് കിട്ടാത്തതിനെത്തുടർന്ന് തടവുകാർ ആംബുലൻസ് തകർക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്തിരുന്നു. കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലുകളിൽ കഴിയുന്നതിൽ ഭൂരിഭാഗം പേരും 25 വയസ്സിൽ താഴെയുള്ളവരാണ്. ഇവർക്കിടയിൽ ലഹരി ഉപയോഗം കുറക്കാനുള്ള ശ്രമങ്ങൾ ഊർജിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

