ആർത്തവം സ്വകാര്യ അഭിമാനവും നാണക്കേടും ഒന്നുമല്ല; 'പീരിയഡ് ലീവ്' വിവാദത്തിൽ മറുപടിയുമായി ഡോ. ഷിംന അസീസ്
text_fieldsകോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനാവശ്യമാണെന്ന നിലപാടുകൾക്കെതിരെ വിമർശനവുമായി ഡോ. ഷിംന അസീസ്. ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിലൂടെയാണ് ആർത്തവസമയത്തെ ശാരീരിക ബുദ്ധിമുട്ടുകളും അതിന് ലഭിക്കേണ്ട പരിഗണനയും ഡോക്ടർ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയുടെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായാണ് ഡോക്ടർ ഈ വിഷയത്തിൽ പ്രതികരിച്ചത്. ആർത്തവം അനാവശ്യ അവധിയാണെന്ന വാദങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ ഡോക്ടർ, ഇത് കേവലം സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയ മാത്രമാണെന്നും കഠിനമായ വേദന അനുഭവിക്കുന്ന കുട്ടികൾക്ക് വിശ്രമം അനിവാര്യമാണെന്നും വീഡിയോയിൽ വ്യക്തമാക്കി.
നാലിലും അഞ്ചിലും പഠിക്കുന്ന കുട്ടികളിലും ആർത്തവം തുടങ്ങുന്ന കാലഘട്ടമാണിത്. കഠിനമായ വയറുവേദനയും നടുവേദനയും ഉൾപ്പെടെയുള്ള ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വിശ്രമം ഒരു അവകാശമാണ്. ആർത്തവത്തെ അഭിമാനവുമായി കൂട്ടിക്കെട്ടുന്നതും, പഴയകാല ചിന്താഗതികൾ വച്ചുപുലർത്തുന്നതും പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് വീഡിയോയിൽ ഡോ. ഷിംന അസീസ് ചൂണ്ടിക്കാട്ടുന്നു. വിയർക്കുന്നതും മൂത്രമൊഴിക്കുന്നതും പോലെ തികച്ചും സ്വാഭാവികമായ ഒന്നാണിത്.
'പീരിയഡ് ഷെയ്മിങ്' അഥവാ ആർത്തവത്തെച്ചൊല്ലിയുള്ള നാണംകെടുത്തൽ സമൂഹത്തിൽ നിലനിൽക്കുന്ന ഒരു യാഥാർഥ്യമാണെന്നും, ഇതിന് പരിഹാരം സ്കൂൾ തലത്തിൽ നൽകുന്ന ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമാണെന്നും ഡോക്ടർ പറയുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് ഇത്തരം തെറ്റിദ്ധാരണകൾക്ക് കാരണമെന്നും, ബോധവൽക്കരണം നൽകിയാൽ ഇത്തരം വിഷയങ്ങളിൽ പെൺകുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളോട് പോലും കാര്യങ്ങൾ തുറന്നു പറയാൻ സാധിക്കുമെന്നും വീഡിയോയിൽ അവർ വ്യക്തമാക്കുന്നു.
അവധി നൽകിയാൽ ഹാജർ കുറയുമെന്നും അച്ചടക്കം ലംഘിക്കപ്പെടുമെന്നുമുള്ള ആശങ്കകൾ അസ്ഥാനത്താണെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ തുടക്കത്തിൽ ചെറിയ സംശയങ്ങൾ ഉയർന്നേക്കാമെങ്കിലും കാലക്രമേണ അതൊരു ശീലമായി മാറും. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം മനസ്സിലാക്കി വളരുന്ന ആരോഗ്യകരമായ ഒരു അന്തരീക്ഷം കേരളത്തിൽ ഉണ്ടാകണമെന്നും ഡോക്ടർ തന്റെ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

