Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരുഷന്മാർക്കും...

പുരുഷന്മാർക്കും അന്തസ്സും ആത്മാഭിമാനവുമുണ്ട്​ -ഹൈകോടതി; വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽനിന്ന് ആദ്യ ഭർത്താവിന്‍റെ പേര് നീക്കാൻ അനുമതി

text_fields
bookmark_border
പുരുഷന്മാർക്കും അന്തസ്സും ആത്മാഭിമാനവുമുണ്ട്​ -ഹൈകോടതി; വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽനിന്ന് ആദ്യ ഭർത്താവിന്‍റെ പേര് നീക്കാൻ അനുമതി
cancel

കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം കുത്തകയല്ലെന്നും പുരുഷന്മാർക്കുമുണ്ടെന്നും ഹൈകോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽനിന്ന് ആദ്യ ഭർത്താവിന്‍റെ പേര് നീക്കാൻ അനുമതി തേടി ഭാര്യയും രണ്ടാം ഭർത്താവും ചേർന്ന് നൽകിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.

പുരുഷന്‍റെ അന്തസ്സ് അനാവശ്യമായി ഹനിക്കപ്പെടുമ്പോഴും സമൂഹം അയാൾക്കൊപ്പം നിൽക്കാൻ തയാറാവണമെന്ന് വിവാഹേതര ബന്ധത്തിലുണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേരുമാറ്റാനുള്ള ഹരജി അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.

ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്‍റെ പേരു തിരുത്തണമെന്ന ആവശ്യവുമായി തൃശൂർ സ്വദേശിയായ യുവതിയും രണ്ടാം ഭർത്താവുമാണ് ഹരജി നൽകിയത്. കുട്ടിയുടെ പിതാവിന്‍റെ പേര് സർട്ടിഫിക്കറ്റിൽ മാറ്റിയില്ലെങ്കിൽ ആറു വയസുകാരിയായ കുട്ടിയെ തുടർന്നു പഠിക്കാൻ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചുവെന്നായിരുന്നു ഹരജിക്കാരുടെ വാദം.

ആദ്യ ഭർത്താവ് ബംഗളൂരുവിൽ ജോലി ചെയ്യവേ, ഹരജിക്കാരി മറ്റൊരാളുമായി പ്രണയത്തിലാവുകയും ഈ ബന്ധത്തിൽ ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഇതിന്‍റെ പേരിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെങ്കിലും ഭാര്യയേയും കുട്ടികളേയും ആദ്യ ഭർത്താവ് തന്നെയാണ് സംരക്ഷിച്ചു വന്നത്. ഇതിനിടെ ഹരജിക്കാരി കാമുകനൊപ്പം ഇളയ മകളെയും കൊണ്ട് ഒളിച്ചോടി പോയി. പിന്നീട് ആദ്യ ഭർത്താവുമായി വിവാഹമോചനം തേടി.

ഭാര്യയുടെ വഴിവിട്ട ബന്ധം അറിഞ്ഞിട്ടും ആറുവർഷം ഇവരേയും കുട്ടിയേയും സംരക്ഷിക്കാൻ തയാറായ ആദ്യ ഭർത്താവ് ജനന സർട്ടിഫിക്കറ്റിൽ നിന്ന് തന്‍റെ പേരു നീക്കണമെന്ന ആവശ്യം ഉന്നയിക്കാതെ മാന്യത കാട്ടിയതായി കോടതി ചൂണ്ടിക്കാട്ടി. പിതൃത്വതർക്കം കുഞ്ഞിന് ദോഷമാകാതിരിക്കാൻ അയാൾ മൗനം പാലിക്കുകയായിരുന്നു. എന്നാൽ, ഹരജിക്കാരി വിവാഹ ബന്ധം നിലനിൽക്കെ മറ്റൊരാൾക്കൊപ്പം കഴിഞ്ഞത് ധാർമികമായി മാത്രമല്ല, നിയമപരമായും ശരിയല്ലാത്ത കാര്യമാണ്. മൈനറായ കുട്ടിയുടെ പേരു വെളിപ്പെടുത്തുന്ന വിധം ഹരജി നൽകാനും അവർക്ക് മടിയുണ്ടായില്ല. അതിനാൽ, ഹരജിക്കാരിയുടെ വാദത്തിന് വിശ്വാസ്യതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുഞ്ഞിന്‍റെ പിതാവ് മറ്റൊരാളാണെന്ന് സ്കൂൾ അധികൃതർ എങ്ങിനെയാണ് അറിഞ്ഞത്. അനുകമ്പ അർഹിക്കാത്തതാണ് ഹരജിക്കാരുടെ നടപടിയെങ്കിലും ആദ്യ ഭർത്താവ് പുലർത്തിയ മാന്യതയും കുട്ടിയുടെ ഭാവിയും കണക്കിലെടുക്കുന്നതായി കോടതി വ്യക്തമാക്കി. തുടർന്നാണ് ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ പേരുമാറ്റാൻ ഹരജിക്കാർ പുതിയ അപേക്ഷ നൽകിയാൽ അധികൃതർ 30 ദിവസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gender equalityhigh courtDignity
Next Story