നടി ആക്രമണ കേസിലെ മെമറി കാർഡ് പരിശോധന: രണ്ട് പേർക്കെതിരെ അച്ചടക്ക നടപടി
text_fieldsകൊച്ചി: നടി ആക്രമണ കേസിൽ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച മെമറി കാർഡിന്റെ അനധികൃത പരിശോധനയുമായി ബന്ധപ്പെട്ട് രണ്ട് ജുഡീഷ്യറി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. എറണാകുളം ജില്ല ജുഡീഷ്യറിയിലെ ജീവനക്കാരനായ മഹേഷ് മോഹൻ, ശിരസ്തദാർ തസ്തികയിൽ നിന്ന് വിരമിച്ച താജുദ്ദീൻ എന്നിവർക്കെതിരെയാണ് നടപടി വരുന്നത്. അന്വേഷണച്ചുമതല വഹിക്കുന്ന ജില്ല ജഡ്ജി വി.പി.എം. സുരേഷ് ബാബു വെള്ളിയാഴ്ച ഇവരുടെ വാദം കേൾക്കും.
നടി കേസ് മുമ്പ് പരിഗണിച്ചിരുന്ന പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു മഹേഷ് മോഹൻ. സി.ബി.ഐ കോടതിയിലെ മുൻ ശിരസ്തദാറാണ് താജുദ്ദീൻ. മെമറി കാർഡ് വിഷയത്തിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് ഹൈകോടതി നിർദേശ പ്രകാരം അന്വേഷണം നടത്തി നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജില്ല ജുഡീഷ്യറി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ആരോപണ വിധേയരുടെ വിശദീകരണം തേടുന്ന നടപടികളാണ് തുടരുന്നത്.
അതേസമയം, കേസ് നടപടികളുടെ ഭാഗമായി പരിശോധിച്ചതാണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ മെമറി കാർഡ് പരിശോധിച്ചതായി കണ്ടെത്തിയ അങ്കമാലി മുൻ മജിസ്ട്രേറ്റ് ലീന റഷീദിന് നോട്ടീസ് നൽകിയിട്ടില്ല.
തിരുവനന്തപുരം ഫോറൻസിക് ലാബിലെ പരിശോധനയിലാണ് മെമറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. 2018 ഡിസംബർ 13, 2019 ജനുവരി ഒമ്പത്, 2021 ജൂലൈ 19 തീയതികളിൽ മെമറി കാർഡ് തുറന്നതായി വ്യക്തമായിട്ടുണ്ട്. എന്നാൽ, ദൃശ്യങ്ങളിൽ വ്യതിയാനം ഉണ്ടായിട്ടില്ലെന്ന് വിചാരണ കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. മെമറി കാർഡ് മഹേഷ് മോഹൻ പരിശോധനക്കായി വീട്ടിൽ കൊണ്ടുപോയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നും തെറ്റില്ലെന്നും ഇതേ റിപ്പോർട്ടിൽ പറയുന്നു. താജുദ്ദീൻ ദൃശ്യങ്ങൾ പകർത്തിയ ഫോൺ ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ടെന്നാണ് മൊഴി. ശിരസ്തദാര് താഴെയുള്ള ജീവനക്കാർക്കെതിരെ ജില്ല ജുഡീഷ്യറിയും അതിന് മുകളിലുള്ളവർക്ക് ഹൈകോടതിയുമാണ് അച്ചടക്ക നടപടി ശിപാർശ ചെയ്യുന്നത്. സർക്കാറായിരിക്കും അന്തിമ തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

