Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബോംബുണ്ടാക്കുന്നതിനിടെ...

ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം: ന്യായീകരണവുമായി പി. ജയരാജൻ; ‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ’

text_fields
bookmark_border
ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം: ന്യായീകരണവുമായി പി. ജയരാജൻ; ‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ’
cancel

കോ​ഴിക്കോട്: ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിർമ്മിച്ച വിഷയത്തിൽ ന്യായീകരണവുമായി മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ രംഗത്ത്. ‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ’ എന്ന തല​​വാചകത്തിൽ ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് നിലപാട് വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന് പേർ ജീവാർപ്പണം ചെയ്തിട്ടുണ്ട്. അവരെയെല്ലാം ആക്ഷേപിക്കാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടരുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

2015 ൽ ജീവാർപ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു. അവർ ബോംബ് രാഷ്ട്രീയക്കാരാണത്രെ!. കേരളത്തിലെ സി.പി.എം- ആർ.എസ്.എസ് സംഘർഷങ്ങളുടെ വാർത്തകളും സമാനമായ രീതിയിൽ ആണ് വലതുപക്ഷ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. അതെക്കുറിച്ച് പിന്നീട് പറയുന്നുണ്ടെന്ന് ജയരാജൻ പറയുന്നു​. സി.പി.എമ്മിന്റെ ‘ബോംബ് രാഷ്ട്രീയത്തെ' വിമർശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ ആണെന്നതാണ്.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. സുധാകരന്റെ അനുയായികൾ ആയിരുന്ന കോൺഗ്രസുകാരാണ് കണ്ണൂർ ഡി.സി. സി. ഓഫീസിൽ ബോംബ് നിർമ്മിച്ചത്. തങ്ങൾ മൂന്നു തരം ബോംബ് ഉണ്ടാക്കിട്ടുണ്ടെന്ന് അന്നത്തെ ഡി.സി.സി ജനറൽ സെക്രട്ടറി നാരായണൻ കുട്ടി പരസ്യമായി പ്രഖ്യാപിച്ചതാണ്. ചെറ്റക്കണ്ടിയിൽ ജീവർപ്പണം നടത്തിയവർക്ക് വേണ്ടി രക്തസാക്ഷി അനുസ്മരണ പരിപാടികൾ തുടരും. ചരിത്ര സംഭവങ്ങളെ ആർക്കും നിഷേധിക്കാനാവില്ല. അതിനെ നിരസിക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന​ും ജയരാജൻ ഓർമ്മിപ്പിച്ചു.

കുറിപ്പ് പൂർണരൂപത്തിൽ-

രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന് പേർ ജീവാർപ്പണം ചെയ്തിട്ടുണ്ട്.അവരെയെല്ലാം ആക്ഷേപിക്കാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. ഇന്നും അത് തുടരുകയാണ്. 2015 ൽ ജീവാർപ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു. അവർ ബോംബ് രാഷ്ട്രീയക്കാരാണത്രെ!

കേരളത്തിലെ സിപിഐ(എം)- ആർ.എസ്.എസ് സംഘർഷങ്ങളുടെ വാർത്തകളും സമാനമായ രീതിയിൽ ആണ് വലതുപക്ഷ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. അതെക്കുറിച്ച് പിന്നീട് പറയുന്നുണ്ട്, രസകരമായ കാര്യം സിപിഎം ന്റെ 'ബോംബ് രാഷ്ട്രീയത്തെ' വിമർശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെ. പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ ആണെന്നതാണ്! കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. സുധാകരന്റെ അനുയായികൾ ആയിരുന്ന കോൺഗ്രസുകാരാണ് കണ്ണൂർ ഡി.സി. സി. ഓഫീസിൽ ബോംബ് നിർമ്മിച്ചത്. തങ്ങൾ മൂന്നു തരം ബോംബ് ഉണ്ടാക്കിട്ടുണ്ടെന്ന് അന്നത്തെ ഡി.സി.സി ജനറൽ സെക്രട്ടറി നാരായണൻ കുട്ടി പരസ്യമായി പ്രഖ്യാപിച്ചതാണ്.

മൂന്നു തരം ബോംബുകളുടെ ചിത്രം 'ഇന്ത്യാ ടുഡേ' പ്രസിദ്ധികരിക്കുകയും ചെയ്തു. ഇത്തരം ബോംബുകൾ ഉപയോഗിച്ചാണ് ബീഡി തൊഴിലാളിയായ കുളങ്ങരേത്തു രാഘവനെയും ഹോട്ടൽ തൊഴിലാളിയായ നാണുവിനെയും കോൺഗ്രസുക്കാർ കൊലപെടുത്തിയത്. കണ്ണൂർ ജില്ലാപോലീസിന്റെ 'ക്രൈം ചാർട്ടിൽ' ആദ്യമായി ബോംബ് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയ ആദ്യത്തെ സംഭവം കോളങ്ങരേത്ത് രാഘവനാണെന്നും അത് ചെയ്തത് കോൺഗ്രസുകാരനെന്നും രേഖപ്പെടുത്തീട്ടുണ്ട്.

സിപിഎം വിരുദ്ധവേട്ട ആർ.എസ്.എസ്സും ഏറ്റെടുത്തു. അവർ നടത്തിയ ബോംബ് ആക്രമങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ സിപിഎം പ്രവർത്തകൻ പള്ളിച്ചാൽ വിനോദനും ഇങ്ങനെ ആർ.എസ്.എസ്സുകാരാൽ കൊലചെയ്യപ്പെട്ടതാണ്. ബോംബ് എറിഞ്ഞു നെഞ്ചിൻകൂടു തകർന്നാണ് വിനോദന്റെ ജീവശ്വാസം നിലച്ചത്. സംഘപരിവാര ബന്ധം ഉപേക്ഷിച്ചു സിപിഎം റെഡ് വളണ്ടിയർ ആയ ഘട്ടത്തിലാണ് ഈ ബോംബാക്രമണം നടന്നത്. ഈ കാലത്ത് തന്നെയാണ് സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയ ഒ. കെ. വാസുമാസ്റ്ററെ ബോംബെറിഞ്ഞ് കൊലപ്പെടുത്താനുള്ള RSS ശ്രമം ഉണ്ടായത്. അക്കാലത്ത് തന്നെയാണ് സിപിഎം പ്രവർത്തകനായ വിജേഷിനെ വിളക്കോട്ടൂരിലെ വീട്ടിന്റെ പരിസരത്തുവച്ച് ബോംബും വടിവാളുമുപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. വിജേഷ് ഇന്നും വേദനതിന്ന് കഴിയുകയാണ്.

ആർ.എസ്.എസ് അക്രമത്തിനെതിരെ കേരളത്തിലെമ്പാടും ജനകീയമായ ചെറുത്തു നിൽപ്പുകൾ ഉണ്ടായിട്ടുണ്ട്. ഇവയെ മാർക്സിസ്റ്റ്‌ അക്രമങ്ങൾ ആയാണ് എക്കാലത്തും വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലായി 215 സഖാക്കൾ രക്തസാക്ഷികളായിട്ടുണ്ട്. ഇതിനെ ചരിത്രപരമായി വിലയിരുത്തുകയാണ് വേണ്ടത്. ആർ.എസ്.എസ്സിന്റെ താത്വിക ആചാര്യൻ വിലയിരുത്തിയ മൂന്ന് ആഭ്യന്തര ശത്രുക്കളിൽ ഒന്നായ കമ്മ്യൂണിസ്റ്റ്‌കാരെ തകർക്കുന്നതിനുള്ള ആർ.എസ്.എസ്സിന്റെ അഖിലേന്ത്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആക്രമസംഭവങ്ങൾ അരങ്ങേറിയത്. മുസ്ലീം-ക്രിസ്ത്യൻ വിരുദ്ധവേട്ട അഖിലേന്ത്യാ തലത്തിൽ പ്രയോഗത്തിൽ വരുത്തിയത് പോലെ കേരളത്തിലും പരീക്ഷിച്ചിട്ട് നോക്കീട്ടുണ്ട്. ഇത് പരാജയപ്പെട്ട അനുഭവം വച്ചാണ് സിപിഎമ്മിനെതിരെ ആക്രമണത്തിന്റെ കുന്തമുന തിരിച്ചത്. ഇതിനെ വക്രീകരിച്ച് ചിത്രീകരിക്കാനാണ് എക്കാലവും വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചത്.

ചെറ്റക്കണ്ടി സംഭവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ജനങ്ങൾ മുൻകൈയ്യെടുത്തു സ്മാരകമന്ദിരം ഉണ്ടാക്കിയതിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കുന്നവർ ഒരു കാര്യം ബോധപൂർവ്വം ആർ.എസ്.എസ് ആക്രമികൾക്ക് വേണ്ടി മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. ഇതേ പഞ്ചായത്തിലെ പൊയിലൂരിൽ ആർ.എസ്.എസ്സുകാർ നിർമിച്ച ഒരു മന്ദിരം ഉണ്ട് അശ്വിനി-സുരേന്ദ്രൻ സ്മാരകം. 2002 ൽ പൊയിലൂരിൽ ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടവരാണ് ഇരുവരും. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി അത്യാറക്കാവിൽ ബോംബ് ഉണ്ടാക്കുമ്പോൾ സ്പോടാനത്തിൽ കൊല്ലപ്പെട്ട പ്രദീപൻ-ദിലീഷ് എന്നിവർക്കും ആർ.എസ്.എസ്സുകാർ സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ചിറ്റാരിപ്പറമ്പിലെ പൂവ്വത്തിൻകീഴിലാണ് ദിലീഷിന്റെ സ്മാരകവും പ്രദീപന് ചെറുവാഞ്ചേരിയിൽ സ്മാരക ഗേറ്റും ഉണ്ടാക്കി. ഇത്തരക്കാരെ ആർ.എസ്.എസ് ബലിദാനികളായി കൊണ്ടാടുമ്പോൾ അത് വാർത്തയല്ല. പാനൂർ മേഖലയിലാണ് വള്യയി പ്രദേശം 1998 ഫെബ്രുവരി മാസം ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനമുണ്ടായിരുന്നു കൈപ്പത്തി നഷ്ട്ടപ്പെട്ട പൊന്നമ്പത് വിജയൻ ഇപ്പോഴും കോൺഗ്രസ്‌ പ്രവർത്തകനായി രംഗത്തുണ്ട്.

സംഘർഷത്തിന്റെയും കായിക അക്രമണങ്ങളുടെയും പിന്നിലുള്ള രാഷ്ട്രീയത്തെക്കുറിച്ചാണ് മേൽവിവരിച്ചത്. അത് ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം ചരിത്ര സംഭവങ്ങളെ ഇന്ത്യൻ പീനൽ കോഡിന്റെ അളവുകോൽ വച്ച്മാത്രം വിലയിരുത്താവുന്നവയല്ല.

സ്വാതന്ത്ര്യത്തിന് മുൻപും സ്വാതന്ത്ര്യത്തിന് ശേഷവും ജനകീയമായ എത്രയോ ചെറുത്തു നിൽപ്പുകൾ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ അതേപടി തുടരേണ്ട എന്നാണ് സിപിഎം തീരുമാനിച്ചത്. ആഗോളവത്ക്കരണകാലത്ത് നവകേരളത്തിനായിഎല്ലാവരെയും യോജിപ്പിക്കുന്ന ശ്രമമാണ് വേണ്ടതെന്ന് പാർട്ടി തീരുമാനിച്ചു. എന്നാൽ ആർ.എസ്.എസ്സും കോൺഗ്രസ്സും കൊലക്കത്തി താഴെ വച്ചിട്ടില്ല. പക്ഷേ സിപിഎം സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിന് ഇങ്ങോട്ടുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടും സംയമനം പാലിക്കുന്ന സമീപനം തുടരുകയാണ്.

സിപിഎം പ്രവർത്തകരും ബന്ധുക്കളുമാകെയും പതിനെട്ടാം ലോകാസഭയിൽ ഇടതുപക്ഷത്തിന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയർത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് കുന്നോത്തുപറമ്പ് പഞ്ചായത്തിലെ മുളിയാത്തോടിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭഗമായി ബോംബ് ഉണ്ടാക്കുമ്പോൾ സ്ഫോടനം നടക്കുന്നതും ദൗർഭാഗ്യപരമായ മരണം സംഭവിച്ചതും. ഇതിനെ സിപിഎം വിരുദ്ധ പ്രചരണത്തിന് ദുരുപയോഗം ചെയ്യുകയാണ് ഇടതു വിരുദ്ധർ ചെയ്തത്. മീത്തലെ കുന്നോത്തുപറമ്പിൽ മാർച്ച്‌ 7ന് നടന്ന സിപിഎം അനുഭാവി യോഗത്തിലും മാർച്ച്‌ 11ന് ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകനായ അജയന്റെ രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ ഞാൻ ഉൾപ്പെടെ സിപിഎം നേതാക്കൾ സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രവർത്തനം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെടുകയാണ്ടായി. അതിന് ശേഷം നടന്ന ബോംബ് സ്ഫോടനത്തെ പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞതാണ്. അതിനാൽ തന്നെ സിപിഎമ്മിന്റെ രക്തസാക്ഷിപ്പട്ടികയിൽ ഇത് ഉൾപ്പെടില്ലെന്ന് ഉറപ്പാണ്. ചെറ്റക്കണ്ടിയിൽ ജീവർപ്പണം നടത്തിയവർക്ക് വേണ്ടി രക്തസാക്ഷി അനുസ്മരണ പരിപാടികൾ തുടരും. ചരിത്ര സംഭവങ്ങളെ ആർക്കും നിഷേധിക്കാനാവില്ല. അതിനെ നിരസിക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ല...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P JayarajanBomb Politics
News Summary - Memorial to those killed while making bombs
Next Story