പി.കെ വാര്യർ എന്ന ആയുർ രത്നം
text_fieldsപി.കെ. വാര്യരുടെ 100 ാം പിറന്നാൾ ദിനത്തിൽ ആദരവുമായി 'മാധ്യമം' പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ നിന്ന്
1921ൽ ഇടവമാസത്തിലെ കാർത്തിക നാളിൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചി വാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് ആയുർവേദത്തിെൻറ മഹിമ ലോകമെമ്പാടും ഉയർത്തിയ ആയുർവേദാചാര്യൻ ഡോ. പി.കെ. വാര്യരുടെ ജനനം. ആദ്യകാല വിദ്യാഭ്യാസം കോഴിക്കോട് സാമൂതിരി, കോട്ടക്കൽ രാജാസ് എന്നീ സ്കൂളുകളിലായിരുന്നു. കോട്ടക്കൽ ആയുർവേദ കോളജിൽനിന്ന് ആര്യവൈദ്യത്തിൽ ബിരുദം നേടി. ഈ പഠനത്തിനിടയിൽ വിപ്ലവ രാഷ്ട്രീയത്തിലേക്ക് കടന്നു. 1942ൽ ക്വിറ്റ് ഇന്ത്യ സമരാവേശത്തിലാണ് പഠനം മുടങ്ങിയത്. പക്ഷേ, യോഗവും നിയോഗവും ആര്യവൈദ്യൻ എന്നതായിരുന്നു. രണ്ടാം തിരിച്ചുവരവ് അവിസ്മരണീയമാക്കി.
1947ൽ ആര്യവൈദ്യശാല ഫാക്ടറി മാനേജരായാണ് തുടക്കം. അക്കാലത്ത് ജ്യേഷ്ഠനായിരുന്ന പി.എം. വാര്യരായിരുന്നു മാനേജിങ് ട്രസ്റ്റി. ഇദ്ദേഹം വിമാനാപകടത്തിൽ മരിച്ചതോടെയാണ് 1953ൽ മാനേജിങ് ട്രസ്റ്റിയായി നിയമിതനായത്. പിന്നീടങ്ങോട്ട് പുതുചരിത്രം രചിക്കുകയായിരുന്നു കുട്ടിമ്മാൻ എന്ന പേരിലറിയപ്പെട്ട വാര്യർ. അമ്മാവനായിരുന്ന ആര്യവൈദ്യശാല സ്ഥാപകൻ പി.എസ്. വാര്യർ കാണിച്ചുതന്ന വെളിച്ചം ഇന്നും കെടാതെ ചേർത്തുപിടിച്ചിരിക്കുന്നു. സ്വതസിദ്ധമായ ശൈലിയിൽ ആരംഭിച്ച ആയുർവേദ ചികിത്സ കടലും കടന്ന് ലോക രാജ്യങ്ങളിലെത്തി. ആധുനികതയും പാരമ്പര്യവും നിലനിർത്തി ആയുർവേദത്തിൽ കണ്ടുപിടിച്ചതെല്ലാം മൂല്യങ്ങളുള്ളതായിരുന്നു.
ധർമാശുപത്രിയിലെ അലോപ്പതി വിഭാഗം, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിെൻറ വീക്ഷണത്തിലൂടെ പിറവിയെടുത്തു.
രോഗിയോടുള്ള അനുകമ്പയും വിശ്വാസ്യതയുമായിരുന്നു ഏറ്റവും വലിയ കൈമുതൽ. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങൽനിന്ന് വാര്യരെ തേടിയെത്തിയ രോഗികളെല്ലാം സംതൃപ്തരായി മടങ്ങി. തികഞ്ഞ അച്ചടക്കത്തോടെ ആയുർവേദ സപര്യ ഇന്നും നിലനിർത്താൻ കഴിയുന്ന അപൂർവ വ്യക്തിത്വം. തൊട്ടതെല്ലാം പൊന്നാക്കിയതോടെ 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. അദ്ദേഹം എഴുതിയ 'സ്മൃതി പർവ'മെന്ന ആത്മകഥ സംസ്ഥാന സാഹിത്യ അക്കാദമി പുരസ്കാരവും നേടി. ആര്യവൈദ്യ ചികിത്സയോടൊപ്പം കേരളീയ കലകളെയും കലാകാരന്മാരെയും ചേർത്തുപിടിച്ചായിരുന്നു ജീവിതം.