മെൽക്കർ തട്ടിപ്പ്: വിശദ അന്വേഷണവുമായി പൊലീസ്
text_fieldsശ്രീനിവാസൻ രംഗനാഥൻ, വാസന്തി
തൃശൂർ: മെൽക്കർ ഫിനാൻസ് എന്ന സ്ഥാപനം വഴി നൂറുകണക്കിന് പേരുടെ കോടികൾ വെട്ടിച്ച കേസിൽ വിശദ അന്വേഷണവുമായി പൊലീസ്. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ, ജീവനക്കാർക്ക് പങ്കുണ്ടോ തുടങ്ങിയത് അടക്കം കാര്യങ്ങളാണ് അന്വേഷിക്കുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് പരാതിയുമായി എത്തുന്നവരുടെ എണ്ണവും കൂടുകയാണ്.
മെൽക്കറിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ചിയാരം കണ്ണംകുളങ്ങര സ്വദേശി വാലത്ത് വീട്ടിൽ ശ്രീനിവാസൻ രംഗനാഥൻ (64), ഭാര്യയും എക്സിക്യൂട്ടിവ് ഡയറക്ടറുമായ വാസന്തി (61) എന്നിവരെ കഴിഞ്ഞ ദിവസം തൃശൂർ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
വിവിധ ശാഖകൾ വഴി 4000ത്തോളം പേരിൽനിന്നായി 270 കോടി രൂപ തട്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർ അടക്കമുള്ളവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. തൃശൂർ ജില്ലയിൽ മാത്രം പത്തിലധികം പരാതികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മലപ്പുറം, കൊല്ലം ജില്ലകളിലും വ്യാപക തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഇവിടങ്ങളിലും സ്ഥാപനത്തിനെതിരെ പൊലീസിൽ പരാതികളുണ്ട്. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ അഞ്ചും നെടുപുഴയിൽ മൂന്നും പേരാമംഗലത്ത് രണ്ടും ചാലക്കുടിയിൽ ഒന്നും ഇരിങ്ങാലക്കുടയിൽ രണ്ടും കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ വെസ്റ്റ് സ്റ്റേഷനിലും കേസുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളിൽനിന്നും പണം നഷ്ടമായവർ തൃശൂരിലെ പൊലീസിനെ ബന്ധപ്പെടുന്നുണ്ട്.
12.5 മുതൽ 13.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താണ് മെൽക്കർ ഫിനാൻസ് തട്ടിപ്പ് നടത്തിയത്. പലിശയും നിക്ഷേപവും തിരികെ ലഭിക്കാതിരുന്നതോടെ മരത്താക്കര സ്വദേശി അടക്കമുള്ളവർ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ നേരത്തേ പരാതി നൽകിയിരുന്നു. ഇതോടെ രംഗനാഥനും വാസന്തിയും ഒളിവിൽ പോയി. തുടർന്നുള്ള അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കണ്ണംകുളങ്ങരയിൽനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് കമീഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മെൽക്കറിന് 52ഓളം ബ്രാഞ്ചുകൾ; തട്ടിപ്പിന് തുണയായത് പ്രവാസലോകത്തെ പരിചയം
ഡയറക്ടർ ബോർഡിൽ ദമ്പതികളായ പ്രതികൾ മാത്രം; തട്ടിപ്പ് പണം എന്തു ചെയ്തുവെന്ന് വ്യക്തതയില്ല
തൃശൂർ: മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ്ങിന്റെ പേരിൽ നടന്ന തട്ടിപ്പിന് പ്രവാസലോകത്തെ പരിചയവും ഉപയോഗിച്ചതായി സൂചന. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ റീജനൽ ഓഫിസുകളും ശാഖകളും തുറന്നാണ് വ്യാപക തട്ടിപ്പ് നടത്തിയത്. മുഖ്യപ്രതികളായ രംഗനാഥനും ഭാര്യ വാസന്തിയും പതിറ്റാണ്ടുകൾ പ്രവാസികളായിരുന്നു. വാസന്തി ബഹ്റൈനിലും യു.എ.ഇയിലുമുള്ള സി.ബി.എസ്.ഇ സ്കൂളുകളിൽ അധ്യാപികയായിരുന്നുവെന്ന് മെൽക്കറിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
രംഗനാഥൻ മൂന്നു പതിറ്റാണ്ടോളം പ്രവാസിയായിരുന്നു. ഈ കാലത്തെ ബന്ധങ്ങൾ അടക്കം നിക്ഷേപം സമാഹരിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പലരും ലക്ഷങ്ങൾ നിക്ഷേപിച്ചത് ഇവരുടെ ബന്ധങ്ങളുടെകൂടി അടിസ്ഥാനത്തിലാണ്. 1.25 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുടെ പരാതികളാണ് തൃശൂർ ഈസ്റ്റ് പൊലീസിൽ ലഭിച്ചത്.
2011ൽ ആരംഭിച്ച സ്ഥാപനം ബിസിനസ് ലോൺ, സ്വർണവായ്പ, വാഹനവായ്പ, ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ടൂർസ് ആൻഡ് ട്രാവൽസ്, സൗരോർജ പദ്ധതി തുടങ്ങിയവയെല്ലാം നടത്തിയിരുന്നുവെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. എന്നാൽ, ഏതാനും വർഷങ്ങളായി ഇവയൊന്നും നടക്കുന്നില്ലെന്നും എൻ.ബി.എഫ്.സി ലൈസൻസിൽ നിക്ഷേപസമാഹരണമാണ് നടന്നിരുന്നതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
2021 മാർച്ചിൽ തൃശൂരിലെ ഹോട്ടലിൽ നിക്ഷേപക സംഗമവും നടത്തിയിരുന്നു. തമിഴ്നാട്ടിലെ ചെന്നൈയിൽ രജിസ്ട്രേഡ് ഓഫിസും തൃശൂർ മാരാർ റോഡിൽ കോർപറേറ്റ് ഓഫിസും ആരംഭിച്ചായിരുന്നു പ്രവർത്തനം. തുടർന്ന് വിവിധ ജില്ലകളിലായി 52ഓളം ശാഖകളും തുറന്നു. ഇവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും നിക്ഷേപം സ്വീകരിച്ചിരുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ രംഗനാഥനും വാസന്തിയും മാത്രമാണുള്ളത്.
ഇവരുടെ ആസ്തികളും നിക്ഷേപം സ്വീകരിച്ച പണം എന്തു ചെയ്തുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടാനുള്ള ശ്രമവും നടത്തും. ഇതിനായി രജിസ്ട്രേഷൻ ഐ.ജിയെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

