വിദ്യാർഥിയുടെ തിരോധാനം: പിതൃസഹോദരൻ റിമാൻഡിൽ
text_fieldsമേലാറ്റൂർ(മലപ്പുറം): നാലാം ക്ലാസ് വിദ്യാർഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ പിതൃസഹോദരൻ ആനക്കയം പുള്ളിയിലങ്ങാടി മങ്കരത്തൊടി മുഹമ്മദിനെയാണ് (44) പെരിന്തൽമണ്ണ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ആഗസ്റ്റ് 13ന് രാവിലെയാണ് ആനക്കയം മങ്കരത്തൊടി സലീമിെൻറയും എടയാറ്റൂർ ചെട്ടിയാംതൊടി ഹസീനയുടെയും രണ്ടാമത്തെ മകൻ മുഹമ്മദ് ഷഹീനെ (ഒമ്പത്) കാണാതായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സിനിമ കാണിക്കാമെന്നും ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങിത്തരാമെന്നും മോഹിപ്പിച്ച് എടയാറ്റൂർ ഡി.എൻ.എം.എ.യു.പി സ്കൂൾ പരിസരത്തുനിന്ന് കുട്ടിയെ പ്രതി ബൈക്കിൽ കയറ്റി കൊണ്ടുപോയി. മലപ്പുറത്ത് ലോഡ്ജിൽ കുട്ടിയെ ഒളിപ്പിച്ച് പിതാവ് സലീമുമായി വിലപേശി കടം വീട്ടാനാവശ്യമായ രണ്ട് ലക്ഷം രൂപ നേടലായിരുന്നു ലക്ഷ്യം.
പകൽ മുഴുവൻ കുട്ടിയുമായി ബൈക്കിൽ കറങ്ങിയ പ്രതി, സാമൂഹിക മാധ്യമങ്ങളിൽ കുട്ടിയുടെ ഫോട്ടോ സഹിതം തട്ടിക്കൊണ്ടുപോകൽ വാർത്ത വൈറലായതോടെ ആശയക്കുഴപ്പത്തിലായി. വിലപേശൽ ദുഷ്കരമാവുമെന്നും ജീവനോടെ തിരിച്ചുനൽകിയാൽതന്നെ തിരിച്ചറിയുമെന്നും മനസ്സിലാക്കി രാത്രി 10ഒാടെ ആനക്കയം പാലത്തിന് മുകളിൽനിന്ന് കുട്ടിയെ കടലുണ്ടിപ്പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഇതിനിടെ പൊലീസിന്റെ അന്വേഷണത്തില്‍ ഒരു കുട്ടിയെ മുന്നിലിരുത്തി പോകുന്ന ബൈക്കുകാരന്റെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി. പെരിന്തല്‍മണ്ണയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന്റെയും വളാഞ്ചേരിയിലെ തിയറ്ററില്‍ സിനിമ കാണുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഒടുവില്‍ ജ്യോല്‍സ്യനെ കാണാനെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിനെ കൊണ്ട് വിളിപ്പിച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ചിലും വീട്ടുകാർ നടത്തിയ അന്വേഷണങ്ങളിലുമെല്ലാം മുൻപന്തിയിലുണ്ടായിരുന്ന പ്രതി പൊലീസിെൻറ ചോദ്യം ചെയ്യലിെൻറ ആദ്യഘട്ടത്തിൽ കുറ്റം സമ്മതിച്ചിരുന്നില്ല. ബൈക്കിൽ കുട്ടിയുമായി പോകുന്ന സി.സി.ടി.വി ദൃശ്യം കാണിച്ചതോടെ കുറ്റകൃത്യം സമ്മതിക്കാൻ നിർബന്ധിതനാവുകയായിരുന്നു.
ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് പുറമെ സി.ഐമാരായ ടി.എസ്. ബിനു, കെ. അബ്ദുൽ മജീദ്, എസ്.ഐമാരായ പി.കെ. അജിത്ത്, പി. ജ്യോതീന്ദ്രകുമാർ, സി.എം. വേണുഗോപാലൻ, ഷാഡോ പൊലീസ് അംഗങ്ങളായ പി.കെ അബ്ദുസ്സലാം, സി.പി. മുരളി, വി. മൻസൂർ, എൻ.ടി. കൃഷ്ണകുമാർ, ഫാസിൽ കുരിക്കൾ, എം. മനോജ്, അഷ്റഫ് കൂട്ടിൽ, എ.പി. റഹ്മത്തുല്ല, ഫക്രുദ്ദീൻ അലി, വൈശാഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പ്രതി കുറ്റം സമ്മതിച്ചതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ കണ്ടെത്താൻ ആനക്കയം പാലത്തിന് താഴെ കടലുണ്ടിപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു. പൊലീസും ഫയർ ആൻഡ് റസ്ക്യൂ വിഭാഗവും നാട്ടുകാരും സഹകരിച്ച് ശനി, ഞായർ ദിവസങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. സംഭവത്തിന് തൊട്ടടുത്ത ദിവസങ്ങളിലാണ് കനത്ത മഴയും പ്രളയവുമുണ്ടായതെന്നതിനാൽ കുട്ടിയെ കണ്ടെത്തുക ദുഷ്കരമാണ്. കേസ് ശക്തമാക്കാനാവശ്യമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
