കിലോമീറ്ററുകൾ താണ്ടി മീരയും പാർവതിയും വയനാട്ടിലെത്തി
text_fieldsപാർവതി ദാസിനും മീര കാജനും പൂക്കോട് ജങ്ഷനിൽ നൽകിയ സ്വീകരണം
വൈത്തിരി: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാൻ സൈക്കിളിൽ രണ്ടു വിദ്യാർഥിനികളുടെ സാഹസികയാത്ര.
ടൂറിസം വിദ്യാർഥിനികളായ പത്തനംതിട്ട സ്വദേശി പാർവതി ദാസും (21) എറണാകുളം സ്വദേശി മീര കാജനുമാണ് (24) തിരുവനന്തപുരത്തെ പൂവാറിൽനിന്നു പത്തുദിവസം സൈക്കിളിൽ യാത്ര ചെയ്ത് വയനാട്ടിലെത്തിയത്. ഒരു വർഷമായി സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല വലിയ പ്രതിസന്ധിയിലാണ്.
തങ്ങളുടെ സൈക്കിൾ യാത്ര ടൂറിസത്തിന് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. പൂവാറിൽനിന്ന് തുടങ്ങിയ സൈക്കിൾ യാത്ര കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ചുരം കയറിയത്. സ്ത്രീ സുരക്ഷയും മുഖ്യലക്ഷ്യമാണ്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഭയമില്ലാതെ നാട്ടിലിറങ്ങി സഞ്ചരിക്കാനും ഓരോ സ്റ്റാർട്ടപ്പുകൾക്കും യുവജനങ്ങൾക്കിടയിൽ പ്രചോദനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് യാത്രയെന്ന് മീരയും പാർവതിയും പറയുന്നു. യാത്രക്കിടെ ഇരുപതോളം വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ ടൂറിസം കൊച്ചി, സ്ട്രെയിൻ ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ ടൂറിസം ഏജൻസികളുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. ഈ മാസം ഏഴിന് പൂവാർ ഐലൻറ് റിസോർട്ടിൽനിന്നാണ് യാത്ര തുടങ്ങിയത്.
തളിപ്പുഴ പൂക്കോട് തടാകം ജങ്ഷനിൽ ഇരുവർക്കും വയനാട് ടൂറിസം അസോസിയേഷൻ വൈത്തിരി സ്വീകരണം നൽകി. അസോസിയേഷൻ ജില്ല പ്രസിഡൻറ് അലി ബ്രാൻ, താലൂക്ക് പ്രസിഡൻറ് എ.ഒ. വർഗീസ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി. ഫൈസലും സെയ്ത് അലവിയും ഉപഹാരം നൽകി. മനോജ്, പ്രെബിത, നിസാറുദ്ദീൻ, രിനാഥ്, കാസ്റ്റിൽ, ഫ്ലോറി റാഫേൽ എന്നിവർ സംസാരിച്ചു. സുമ പള്ളിപ്രം സ്വാഗതവും സൈഫുള്ള നന്ദിയും പറഞ്ഞു.