മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധത്തിന് വിദ്യാർഥികളും
text_fieldsകൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് മീനങ്ങാടിയിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും. ഇടതുപക്ഷ അധ്യാപക സംഘടന നേതാവാണ് പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയതിനെതിരെ പ്ലസ് ടു വിദ്യാർഥികളും ഇന്ന് സ്കൂളിൽ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
ആരോപണ വിധേയനായ പി.ടി.എ പ്രസിഡന്റ് ഹാജിസ് ഇന്ന് മാധ്യമങ്ങളെ കാണും. പി.ടി.എ പ്രസിഡന്റ് മദ്യപിച്ചു എന്ന കുട്ടികളുടെ ആരോപണത്തിൽ വിശദീകരണം നൽകുമെന്നാണ് സൂചന. വിനോദയാത്രക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ, പ്രിൻസിപ്പലിന്റെ വൈദ്യ പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വിവാദങ്ങളെ തുടർന്ന് ഹയർ സെക്കൻഡറി ബോർഡ് വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്കൂൾ പഠനയാത്ര നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രിൻസിപ്പലിനെ വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്.
അതേസമയം, പ്രിൻസിപ്പലിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് വിദ്യാർഥികൾ. പ്രിൻസിപ്പൽ നിരപരാധിയാണെന്നും അദ്ദേഹം മദ്യപിച്ചതായി തങ്ങൾ പറഞ്ഞിട്ടില്ലെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മടക്കയാത്രയിൽ പി.ടി.എ പ്രസിഡന്റ് മദ്യപിച്ചാണ് വണ്ടിയിൽ കയറിയതെന്നും കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പലിനോട് പരാതിപ്പെട്ടപ്പോൾ അദ്ദേഹം അടിയന്തര നടപടി സ്വീകരിച്ചിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. ദൃശ്യങ്ങൾ എങ്ങനെ പുറത്തുവന്നു എന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ലെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ടൂർ പോയത്. പി.ടി.എ പ്രസിഡന്റ് മദ്യപിച്ച് ബസിൽ കയറി. ഈ വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. അപ്പോൾ തന്നെ പ്രിൻസിപ്പൽ നടപടിയെടുത്തു. അതോടെ പ്രശ്‌നം കഴിഞ്ഞതാണ്. ബസിൽ 49 പേരാണ് ഉണ്ടായിരുന്നത്. ഞങ്ങൾ ഇക്കാര്യം പ്രിൻസിപ്പലിനെ അറിയിച്ചപ്പോൾ ഹൈവേ കഴിഞ്ഞ് വണ്ടി നിർത്തുമെന്ന് പറഞ്ഞു. ബാക്കിയുള്ള ബസിലായിരുന്നു ടൂറിന്റെ കോർഡിനേറ്റർ എല്ലാവരും ഉണ്ടായിരുന്നത്. ബസിൽ ഒരുപാട് പേർ ഉണ്ടായിരുന്നു. ആരാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല. വിഷയത്തിൽ ഞങ്ങളുടെ പ്രിൻസിപ്പൽ നിരപരാധിയാണ്. ഞങ്ങളുടെ സാറിനെ ഞങ്ങൾക്ക് തിരിച്ചുതന്നെ വേണമെന്നും വിദ്യാർഥികൾ പറഞ്ഞു.

