മെഡിസെപ് രണ്ടാംഘട്ടം ഫെബ്രുവരി ഒന്ന് മുതല്‍
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയ മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്നിന് നിലവിൽ വരും. പദ്ധതിയുടെ ആദ്യ വർഷത്തിൽ 687 രൂപയാണ് പ്രതിമാസ പ്രീമിയം. ഒന്നാം ഘട്ടത്തിൽ 500 രൂപയായിരുന്ന പ്രതിമാസ പ്രീമിയം 810 രൂപയാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറി. ജീവനക്കാരുടെ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതും നിയമസഭ തെരഞ്ഞെടുപ്പുമാണ് കാരണം. അതേസമയം, പുതുക്കിയ പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചികിത്സാ പാക്കേജ് നിരക്കില്‍ 5 ശതമാനം വര്‍ധന അനുവദിക്കാൻ ധാരണയായി.
സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് - കുടുംബ പെന്‍ഷന്‍കാര്‍, യുണിവേഴ്സിറ്റികളിലെയും തദ്ദേശ സ്ഥാപനങ്ങളിലേയും ജീവനക്കാരും പെന്‍ഷന്‍കാരും, അവരുടെ ആശ്രിതരും ഉള്‍പ്പെടെ നിലവിലുള്ളവരെല്ലാം പുതുക്കിയ പദ്ധതിയുടെ ഗുണഭോക്താക്കളാക്കിയിട്ടുണ്ട്. വര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതുക്കിയ പദ്ധതി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കി. പദ്ധതി അംഗത്തിന്റെയും ആശ്രിതരുടെയും പ്രിമീയമായി വര്‍ഷം 8,244 രൂപ നൽകണം. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് നിര്‍വഹണ ചുമതല.
എം പാനല്‍ ചെയ്ത ആശുപത്രികളിലെല്ലാം ക്യാഷ്ലെസ് കിടത്തി ചികിത്സ ലഭ്യമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മെഡിക്കല്‍, സര്‍ജിക്കല്‍ പാക്കേജുകളുള്‍പ്പെടെ 2,516 പാക്കേജുകള്‍ പുതുക്കിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 5,000 രൂപവരെ മുറി വാടക നിശ്ചയിച്ചിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി എന്നിങ്ങനെ തുടര്‍ച്ചയായ ചികിത്സ തേടേണ്ട രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന് സംവിധാനമൊരുക്കി സൗജന്യ ചികിത്സ ഉറപ്പാക്കും.
അടിയന്തര ഘട്ടങ്ങളിൽ റീ ഇമ്പേഴ്സ്മെൻറ്
റോഡ് അപകടം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളില്‍ എംപാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ തേടാം. ഇതിന്റെ ചെലവ് കമ്പനി മടക്കി നല്‍കും. പാക്കേജുകളുടെ വിശദാംശങ്ങളും ആശുപത്രി ശൃംഖലകളുടെ പൂര്‍ണ വിവരങ്ങളും വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

