കാരണമില്ലാതെ മെഡിസെപ് ക്ലെയിം നിരസിച്ചു: ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകണമെന്ന് കോടതി
text_fieldsകോട്ടയം: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് മതിയായ കാരണമില്ലാതെ ക്ലെയിം നിഷേധിച്ചെന്ന പരാതിയിൽ പലിശയടക്കം ചികിത്സച്ചെലവും നഷ്ടപരിഹാരവും നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്.
ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കേ മരിച്ച അമയന്നൂർ സ്വദേശിയും റിട്ട. അധ്യാപകനുമായ ഇ.കെ. ഉമ്മന്‍റെ ഭാര്യ ശോശാമ്മ നൽകിയ പരാതിയിലാണ് ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനിക്കും മെഡിസെപ് അധികൃതർക്കും കമീഷൻ നിർദേശം നൽകിയത്.
ചികിത്സക്ക് ചെലവായ 2,59,820 രൂപ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും പരാതിക്കാരിക്കുണ്ടായ മാനസികവ്യഥക്ക് 20,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 5000 രൂപയും ഇൻഷുറൻസ് കമ്പനിയും മെഡിസെപ് അധികൃതരും ചേർന്ന് നൽകണമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
സാധുവായ കാരണങ്ങളൊന്നും ഇല്ലാതെയാണ് ക്ലെയിം നിരസിച്ചതെന്ന് കമീഷൻ കണ്ടെത്തി. ഇത് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. മെഡിസെപ്പിൽ എൻറോൾ ചെയ്തവർക്ക് ശരിയായ ക്ലെയിം സെറ്റിൽമെന്‍റ് നടക്കുമെന്നും മെഡിസെപ് വഴി നൽകുന്ന ആനുകൂല്യങ്ങൾ ഇൻഷുറൻസ് കമ്പനി നിരസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതും മെഡിസെപ് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന് കമീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

