മെഡിസെപ് യാഥാർഥ്യമായി; മറ്റ് ആനുകൂല്യങ്ങൾ നിർത്തലാക്കില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് യാഥാർഥ്യമായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ് ഉള്ളതുകൊണ്ട് മറ്റ് ആനുകൂല്യങ്ങൾ നിർത്തില്ലെന്നും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയിൽ 300 ഓളം ആശുപത്രികളെ എംപാനൽ ചെയ്തു. സംസ്ഥാനത്തിന് പുറത്തെ 15 ആശുപത്രികളുമുണ്ട്. അവയവമാറ്റ സൗകര്യമുള്ള ഒരാശുപത്രിയെങ്കിലും എല്ലാ ജില്ലയിലും പദ്ധതിയുടെ ഭാഗമാണ്. മെഡിസെപ് നടപ്പാക്കിയശേഷവും സൗജന്യ ഒ.പി ചികിത്സ തുടരും. ഡോക്ടർ സർട്ടിഫിക്കറ്റും ബില്ലുകളും രേഖകളും നൽകിയാൽ മുമ്പത്തെപോലെ തുക മടക്കി നൽകും. വിവിധ വകുപ്പുകളിൽ ശുചീകരണ ജോലി അടക്കം ചെയ്യുന്ന അരലക്ഷത്തോളം പാർട്ട് ടൈം ജീവനക്കാരെ ഇതിൽ ഉൾപ്പെടുത്തി. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രീമിയം മുൻകൂറായി സർക്കാർ നൽകും. 12 ഗഡുക്കളായി ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും പിടിക്കും. അവയവമാറ്റത്തിനും സഹായം നൽകും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുകൂല്യം ഉറപ്പാക്കാൻ പ്രായപരിധി നടപ്പാക്കിയിട്ടില്ല.
പദ്ധതിക്കെതിരെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം ജനം തള്ളും. പ്രീമിയം 5664 രൂപയും ജി.എസ്.ടിയും മാത്രമാണെന്നും ബാക്കി 336 രൂപ സർക്കാർ തട്ടിക്കുന്നെന്നുമായിരുന്നു ആരോപണം. മെഡിസെപിന്‍റെ ഭാഗമായി 12 മാരകരോഗങ്ങൾക്കും അവയവമാറ്റത്തിനും ഉപയോഗിക്കുന്ന കോർപസ് ഫണ്ടിലേക്കാണ് ഈ തുക. സർക്കാർ ഒരുരൂപ പോലും നൽകുന്നില്ലെന്ന് ആരോപിക്കുന്നവർ സർക്കാർ ഗാരന്‍റി പരിഗണിക്കുന്നില്ല. ആ ഗാരന്‍റിയുടെ മൂല്യത്തിലാണ് 6000 രൂപക്ക് അവയവമാറ്റം അടക്കമുള്ള പദ്ധതി ലഭ്യമായത്. ഇപ്പോഴത്തേതിന്‍റെ മൂന്നിരട്ടി നൽകിയാലും കിട്ടാത്ത കവറേജ് മെഡിസെപിലുണ്ട്. ക്ഷേമ പ്രവർത്തനത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന വാദം ശക്തമായി ഉയരുന്ന കാലത്ത് കേരളം മുന്നോട്ടുവെക്കുന്ന ബദൽ കൂടിയാണ് മെഡിസെപ്. സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാകുന്ന സംസ്ഥാനമാകാൻ മെഡിസെപ് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

