നിര്‍ബന്ധിത സേവനം: സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കാന്‍ അധികാരമില്ല
text_fields
കൊച്ചി: ഗ്രാമീണ മേഖലയിലെ നിര്‍ബന്ധിത സേവനമെന്ന വ്യവസ്ഥ പാലിക്കാത്തതിന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാന്‍ കോളജ് മാനേജ്മെന്‍റിന് അധികാരമില്ളെന്ന് ഹൈകോടതി. നിയമപരമായി സ്വീകരിക്കാവുന്ന സിവില്‍ നടപടികള്‍ക്കല്ലാതെ കോളജ് മാനേജ്മെന്‍റുകളുടെ കരാറിന്‍െറ അടിസ്ഥാനത്തിലുള്ള ഇടപെടലുകള്‍ സാധ്യമാകില്ളെന്നും കോടതി വ്യക്തമാക്കി.
പഠനം പൂര്‍ത്തിയാക്കിയിട്ടും വിദ്യാഭ്യാസ രേഖകള്‍ വിട്ടുനല്‍കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്. വിദ്യാര്‍ഥികള്‍ക്ക് രണ്ടാഴ്ചക്കകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും ഉത്തരവിട്ടു. 2010 -11 അധ്യയന വര്‍ഷത്തില്‍ സ്വാശ്രയ കോളജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവരാണ് ഹരജിക്കാര്‍. സര്‍ക്കാറും സ്വകാര്യ മെഡിക്കല്‍ മാനേജ്മെന്‍റ് അസോസിയേഷനും തമ്മിലെ ധാരണയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ ഒരു വര്‍ഷം ഗ്രാമീണ സേവനം നടത്തണമെന്ന വ്യവസ്ഥയുടെ ഭാഗമായി നിര്‍ബന്ധിത സേവന ബോണ്ട് കൊടുക്കേണ്ടതുണ്ട്. അത് നല്‍കിയവരാണ് വിദ്യാര്‍ഥികള്‍. എന്നാല്‍, ഇതില്‍ വീഴ്ച വരുത്തിയാല്‍ 13 ലക്ഷം രൂപ പിഴ നല്‍കണമെന്ന വ്യവസ്ഥ കോളജ് അധികൃതരും വെച്ചു. സര്‍വിസ് ബോണ്ട് പ്രകാരം ഗ്രാമീണ സേവനത്തിനും 13 ലക്ഷം രൂപ അടക്കാനും തയാറാകാതെവന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ടി.സിയും സ്വഭാവ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ മാനേജ്മെന്‍റുകള്‍ തയാറായില്ല.
പ്രവേശന സമയത്ത് വാങ്ങിയ എസ്.എസ്.എല്‍.സി, പ്ളസ് ടു സര്‍ട്ടിഫിക്കറ്റുകളും തരില്ളെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ പ്രോസ്പെക്ടസിന്‍െറ ഭാഗമായുള്ളതും ഒഴിവാക്കാന്‍ പറ്റാത്തതുമാണെന്ന് കോടതി വിലയിരുത്തി. എന്നാല്‍, ബോണ്ട് ലംഘനം നടത്തിയെന്ന പേരില്‍ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കാന്‍ മാനേജ്മെന്‍റിന് അധികാരമില്ല.
മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസം. അതിനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നതുപോലെ അവസരം ഒരുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുമുണ്ട്. അതിന്‍െറ ഭാഗമായാണ് സ്വകാര്യ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നത് നീതി തടസ്സപ്പെടുത്തുന്നതും ധാര്‍മികതക്ക് നിരക്കാത്തതും പൊതുനയത്തിന് എതിരുമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കാനുള്ള അധികാരം മാനേജ്മെന്‍റുകള്‍ക്കില്ല. വിദ്യാര്‍ഥികള്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാതെവന്നാല്‍ സിവില്‍ കേസ് നല്‍കി പരിഹാരം കാണാന്‍ മാനേജ്മെന്‍റിന് കഴിയുമെന്നും ഈ വിധി അതിന് തടസ്സമല്ളെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
