Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റെതസ്കോപ്പ്...

സ്റ്റെതസ്കോപ്പ് ഇല്ലാത്ത മെഡിക്കൽ കിറ്റ്; വിമാനയാത്രയിലെ ദുരനുഭവം പങ്കുവെച്ച് ഡോ.എസ്.എസ് ലാൽ

text_fields
bookmark_border
ss lal
cancel

കോഴിക്കോട് : വിമാനയാത്രക്കിടയിൽ സുഖമില്ലാതായ യാത്രക്കാരിക്ക് ചികിത്സ നൽകാൻ താൻ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് ഡോ.എസ്.എസ് ലാൽ. തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. യാത്രയിൽ ശ്വാസതടസമനുഭവപ്പെട്ട സ്ത്രീയെ ചികിത്സിക്കാൻ ക്രൂ അംഗങ്ങളോട് സ്റ്റെതസ്കോപ്പ് വേണമെന്ന് പറഞ്ഞപ്പോൾ അത്യാശ്യമാണോ എന്ന് പലയാവർത്തി ചോദിച്ചെന്നും സ്റ്റെതസ്കോപ്പ് കിട്ടിയേ തീരൂ എന്ന് പറഞ്ഞപ്പോൾ സാധനം മെഡിക്കൽ കിറ്റിൻറെ പെട്ടിക്കകത്താണെന്നും അത്യാശ്യമാണെങ്കിൽ മാത്രമേ ആ പെട്ടി പൊട്ടിക്കാൻ പാടുള്ളൂ എന്ന് കാപ്റ്റൻ പറഞ്ഞതായും ക്രൂ അംഗങ്ങൾ അറിയിച്ചെന്നും കുറിപ്പിലുണ്ട്. ഒടുവിൽ തന്‍റെ നിർബന്ധം കാരണം പെട്ടി പൊട്ടിച്ചപ്പോൾ അതിനകത്ത് കുറേ അത്യാവശ്യ മരുന്നുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

വിമാനയാത്രയിൽ മറക്കാൻ പാടില്ലാത്തത് !

"ലാലിനൊപ്പം വിമാനത്തിൽ യാത്ര ചെയ്യരുത്. ആകാശത്ത് വച്ച് ആർക്കെങ്കിലും വലിയ അസുഖം വരുമെന്ന് ഉറപ്പാണ്. പൈലറ്റിനെക്കൊണ്ട് ലാൽ വിമാനം എമർജൻസി ലാൻ്റിംഗ് ചെയ്യിക്കും. നമ്മുടെ യാത്ര മുടങ്ങും"

ജനീവയിൽ ജോലി ചെയ്യുമ്പോൾ സഹപ്രവർത്തകൻ ജപ്പാൻകാരനായ ര്യുചി കൊമാത്‌സു ഞങ്ങളുടെ ടീമംഗങ്ങളോട് തമാശയായി പറയുന്ന കാര്യമായിരുന്നു ഇത്.

രണ്ട് ദിവസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് അബുദാബിക്ക് വിമാനം കയറുമ്പോൾ ഒരു കാര്യത്തിൽ പതിവ് തെറ്റിച്ചു. യാത്രയിൽ സ്ഥിരം കൊണ്ടുനടക്കുന്ന മെഡിക്കൽ കിറ്റ് കാബിൻ ബാഗിൽ കരുതുന്നതിന് പകരം ചെക്കിൻ ലഗേജിൽ വച്ചു. കാബിൻ ബാഗിൻറെ ഭാരത്തിൻറെ കാര്യത്തിൽ ചില വിമാനങ്ങൾ കർക്കശക്കാരാണെന്നതാണ് കാരണം. യാത്രയ്ക്കിടയിൽ ആർക്കെങ്കിലും ആരോഗ്യ പ്രശ്നമുണ്ടായാൽ സഹായിക്കാൻ കഴിയാതെ വരുമല്ലോ എന്ന അഡ്വാൻസ് കുറ്റബോധത്തെ നിയന്ത്രിക്കാൻ ഞാൻ ശ്രമിച്ചു.

കാലത്ത് അഞ്ചുമണിക്കായിരുന്നു ഫ്ലൈറ്റ്. ആ രാത്രി അതുവരെ ഉറങ്ങിയിട്ടില്ലായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പ് തന്നെ ഉറങ്ങിപ്പോകുകയും ചെയ്തു. ആ അനൗൺസ്മെൻറ് കേട്ടാണ് ഉണർന്നത്.

"ഒരു യാത്രക്കാരിക്ക് സുഖമില്ല, ഡോക്ടർമാർ ആരെങ്കിലും ഉണ്ടെങ്കിൽ സഹായസന്നദ്ധത അറിയിക്കണം?"

ഞാൻ കയ്യുയർത്തി. രണ്ട് ക്രൂ അംഗങ്ങൾ വന്ന് കാര്യം പറഞ്ഞു. ഞാൻ അവർക്കൊപ്പം പോയി. യാത്രക്കാരി അവശയാണ്. വയ്യ എന്ന് അവർ പതിയെ പറഞ്ഞു. അവരുടെ തോളിൽ ഒരു കൈക്കുഞ്ഞ്. ശ്വാസതടസമാണെന്ന് യാത്രയിൽ കൂടെയുള്ള ഒരു സ്ത്രീ പറഞ്ഞു. ഞാനാദ്യം പൾസ് നോക്കി. തോളിൽക്കിടന്ന കുഞ്ഞിനെ, കൂടെയുള്ള സ്ത്രീയെക്കൊണ്ട് എടുപ്പിച്ചു. കാര്യം പറയാൻ മലയാളി ഡോക്ടെ കിട്ടിയതിൻ്റെ ആശ്വാസം രോഗിയോടെപ്പമുള്ള യാത്രക്കാർ ആ തിരക്കിനിടയിലും പറയുന്നുണ്ടായിരുന്നു. എയർഹോസ്റ്റസുമാരുമായി സംസാരിക്കാൻ അവർ ബുദ്ധിമുട്ടിയിരുന്നു.

ക്രൂ അംഗങ്ങളോട് സ്റ്റെതസ്കോപ്പ് വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ കുഴങ്ങി. രണ്ടുപേർക്കും സാധനം എന്താണെന്ന് മനസിലാകാൻ ആംഗ്യഭാഷ കാണിക്കേണ്ടിവന്നു. അവർ പോയി മറ്റ് ക്രൂ അംഗങ്ങളോടും കാപ്റ്റനോടും അന്വേഷിച്ചു. തിരികെ വന്ന് സാധനം യഥാർത്ഥത്തിൽ അത്യാശ്യമാണോ എന്ന് പലയാവർത്തി എന്നോട് ചോദിച്ചു. അതേയെന്ന് പറഞ്ഞപ്പോൾ അവർ വീണ്ടും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഓടിനടന്നു.

അതിനിടയിൽ അടുത്ത സീറ്റിൽ കിടന്ന ഒരു ചെറിയൊരു കൂട്ടിയെക്കൂടി മാറ്റി രോഗിക്ക് കിടക്കാനുള്ള സൗകര്യമുണ്ടാക്കി. അതവർക്ക് ചെറിയ ആശ്വാസം നൽകി. പിന്നെ രോഗിക്ക് ഓക്സിജൻ നൽകാൻ സംവിധാനമുണ്ടാക്കി. രോഗിക്ക് അത് കൂടുതൽ ആശ്വാസം നൽകി.

സ്റ്റെതസ്കോപ്പ് കിട്ടിയേ തീരൂ എന്ന് ഞാൻ പറഞ്ഞപ്പോൾ സാധനം മെഡിക്കൽ കിറ്റിൻറെ പെട്ടിക്കകത്താണെന്നും അത്യാശ്യമാണെങ്കിൽ മാത്രമേ ആ പെട്ടി പൊട്ടിക്കാൻ പാടുള്ളൂ എന്ന് കാപ്റ്റൻ പറഞ്ഞതായും ക്രൂ അംഗങ്ങൾ അറിയിച്ചു. ഒടുവിൽ എൻ്റെ നിർബന്ധം കാരണം പെട്ടി പൊട്ടിച്ചപ്പോൾ അതിനകത്ത് കുറേ അത്യാവശ്യ മരുന്നുകൾ മാത്രം. സ്റ്റെതസ്കോപ്പ് ഇല്ല. ഒരു തെർമോമീറ്റർ കിട്ടി.

ഒപ്പമുള്ള യാത്രക്കാർക്ക് രോഗിയുടെ രോഗപശ്ചാത്തലം അറിയില്ല. എങ്കിലും അലർജിക്കായി തലേദിവസം രോഗി കഴിച്ച ഗുളികകൾ എൻ്റെ കൈയിൽ തന്നു. ഒരു കാര്യവുമുണ്ടായില്ല. കാരണം, ഗുളികകളുടെ പേരെഴുതിയ ഭാഗം കീറിപ്പോയിരിക്കുന്നു. കൈയിൽ മരുന്നുകളുടെ കുറിപ്പടിയുമില്ല.

എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിനിൽക്കുമ്പോഴും മുഖത്ത് അത് പ്രതിഫലിപ്പിക്കാതെ രോഗിയെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു. തോളിൽ നിന്നും കുട്ടിയെ മാറ്റിയത്, കിടപ്പ്, ഓക്സിജൻ, എൻ്റെ ആശ്വസിപ്പിക്കൽ എന്നിവ ചേർന്ന് രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തിയിരുന്നു. അതിനും ശേഷമാണ് ഒരു എയർഹോസ്റ്റസ് എവിടെ നിന്നോ കണ്ടെടുത്ത ഒരു സ്റ്റെതസ്കോപ്പുമായി വന്നത്. എത്ര ശ്രമിച്ചിട്ടും രക്തസമ്മർദ്ദം അളക്കുന്ന ഉപകരണം കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. അപ്പോഴേയ്ക്കും വിമാനം ലാൻ്റ് ചെയ്യാൻ സമയമായി. യാത്രാവസാനം രോഗിയും ബന്ധുക്കളും നന്ദിപറഞ്ഞു പിരിഞ്ഞു.

ഇത് ചെറിയ കേസ്. വിമാനയാത്രയിൽ വലിയ പ്രശ്നങ്ങളും വരാം. ഏത് യാത്രയിലും ഒരു ഡോക്ടറെങ്കിലും വിമാനത്തിൽ ഉണ്ടാകുമെന്നതാണ് ക്രൂ അംഗങ്ങളുടെ പൊതുവായ അനുഭവം. എന്നാൽ രോഗിയെ പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനും മുമ്പായി ഡോക്ടർ തൻറെ ഐഡൻറിറ്റി തെളിയിക്കണം. ചികിത്സക്കിടയിൽ രോഗിക്ക് ജീവഹാനി സംഭവിച്ചാൽ ഡോക്ടറും ഉത്തരവാദിയാണെന്ന് ക്രൂ പറയും. അങ്ങനെയുണ്ടായാൽ യാത്ര കഴിയുമ്പോൾ ബൈ പറഞ്ഞ് ഇറങ്ങിപ്പോകാൻ കഴിയില്ലെന്ന് ഡോക്ടർ അറിഞ്ഞിരിക്കണം. അതറിയുന്ന ചില ഡോക്ടർമാർ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാതെയിരുന്ന സംഭവങ്ങളും എനിക്കറിയാം. അതിൻറെ ശരിതെറ്റുകൾ നിർണയിക്കാനും എളുപ്പമല്ല. മിക്ക ഡോക്ടർമാരും സഹായത്തിന് മുതിരും എന്നതാണ് ആശ്വാസം.

അത്യാവശ്യം ചില കാര്യങ്ങൾ പറയാനാണ് ഇത്രയും എഴുതിയത്. വിമാനയാത്രകൾ ഇന്ന് നമ്മുടെ ജീവിതത്തിൽ കൂടുതലാണ്. ആർക്ക് എപ്പോൾ വയ്യാതാകും എന്ന് പ്രവചിക്കാൻ കഴിയില്ല. പ്രത്യേകിച്ചും, പ്രായമായവർ യാത്രകൾക്ക് മുമ്പായി അവരവരുടെ ഡോക്ടറെക്കണ്ട് യാത്രയ്ക്കുള്ള ആരോഗ്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. എന്തെങ്കിലും രോഗമോ ചികിത്സകളോ ഉണ്ടെങ്കിൽ അതിൻ്റെ വിവരങ്ങൾ കാണിക്കുന്ന കുറിപ്പ് കൈയിൽത്തന്നെ സൂക്ഷിക്കണം.

പുതിയ ഡോക്ടർമാരോടും എൻറെ അനുഭവത്തിൽ നിന്ന് ചിലത് പറയാനുണ്ട്. യാത്രകളിൽ മെഡിക്കൽ കിറ്റ് കരുതുക. വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്ന ബാഗിൽത്തന്നെ അത് വയ്ക്കുക. കഴിഞ്ഞ ദിവസം എനിക്ക് പറ്റിയ അബദ്ധം നിങ്ങൾ ആവർത്തിക്കരുത്. വിമാനത്തിൽ ഡോക്ടറെ അന്വേഷിച്ച് അനൗൺസ്മെൻറ് വന്നാൽ കൈയുയർത്തുക. തങ്ങൾക്ക് ചികിത്സിക്കാൻ കഴിയുന്ന രോഗമാണെങ്കിൽ സഹായിക്കാൻ ശ്രമിക്കുക. ചികിത്സിക്കാൻ കഴിയില്ലെങ്കിലും രോഗിയെയും ആരെങ്കിലും കൂടെയുണ്ടെങ്കിൽ അവരെയും ആശ്വസിപ്പിക്കുക. ആശ്വാസം തണുപ്പിക്കാത്ത രോഗാവസ്ഥകൾ കുറവാണ്. തങ്ങൾക്ക് ചികിത്സിക്കാൻ കഴിയാത്തത്ര ഗുരുതരമായ പ്രശ്നമാണെങ്കിലോ, ചികിത്സ ഉണ്ടാക്കാവുന്ന നൂലാമാലകളെപ്പറ്റി ഭയമുണ്ടെങ്കിലോ, അക്കാര്യം പൈലറ്റിനോടും ക്രൂവിനോടും തുറന്നു പറയുക. അത്തരം സാഹചര്യങ്ങളിൽ വിമാനം അടുത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കാൻ അവർക്ക് നിയമമുണ്ട്.

2008-ൽ ഗ്ലോബൽ ഫണ്ടിലെ ജോലിക്ക് വേണ്ടിയുള്ള അവസാന റൗണ്ട് അഭിമുഖത്തിനായി ജനീവയിലേയ്ക്കുള്ള നീണ്ട യാത്രയിൽ പക്ഷാഘാത ലക്ഷണങ്ങൾ കാണിച്ച ഒരാൾക്ക് വേണ്ടി എനിക്ക് വിമാനം വഴിയിൽ ഇറക്കിക്കേണ്ടി വന്നു. വലിയ വിലപേശലിന് ശേഷം. ചെറിയൊരു കാര്യമായിരുന്നില്ല അതെന്ന് തുടർന്ന് മനസിലാകുകയും ചെയ്തു. എങ്കിലും ഒരു ജീവൻ്റെ വിലയ്ക്ക് തുല്യമല്ല എൻ്റെയും ഒരുപാട് യാത്രക്കാരുടെ അസൗകര്യങ്ങൾ എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ജീവൻ രക്ഷിക്കാൻ കഴിയുന്ന മെഡിസിൻ പഠനം ആർജിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. ആ പഠനം ഒരാളുടെ ജീവൻ രക്ഷിക്കാൻ തക്കസമയത്ത് ഉപയോഗിക്കേണ്ടത് വലിയ ഉത്തരവാദിത്വവും.

വാലറ്റം: എയർലൈൻസിൻ്റെ പേര് മനപൂർവ്വം എഴുതുന്നില്ല. പക്ഷേ അവർക്ക് വിശദമായ കത്തെഴുതുന്നുണ്ട്.

ഡോ: എസ്.എസ്. ലാൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalflightfirst aidAirways
News Summary - Medical kit without stethoscope; Dr. SS Lal shares his experience of flying
Next Story