മെഡിക്കൽ, ഡെൻറൽ ഫീസ് നിർണയം: സർക്കാർ വെട്ടിൽ
text_fields
തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ േകാഴ്സുകളിലെ ഫീസ് നിർണയ നടപടികളിൽ ഗുരുതര വീഴ്ചവരുത്തിയ സർക്കാർ അകപ്പെട്ടത് വൻ പ്രതിസന്ധിയിൽ. മാനേജ്മെൻറുകളെ വരുതിയിൽനിർത്തി ഏകീകൃത ഫീസ് നിശ്ചയിച്ച് മുന്നോട്ടുപോയ സർക്കാർ നിയമപരമായ നടപടിക്രമങ്ങളിൽ വീഴ്ചവരുത്തിയതാണ് കാരണം. വീഴ്ച ആയുധമാക്കി മാനേജ്മെൻറുകൾ കോടതിയെ സമീപിച്ചതോടെ സർക്കാർ തീർത്തും പ്രതിരോധത്തിലായി. കോടതിവിധിയിലും മാനേജ്മെൻറുകളുടെ നിലപാടിലും പ്രതീക്ഷയർപ്പിച്ച് നിൽക്കേണ്ട ഗതികേടിലാണ് സർക്കാർ. നേരത്തേ സർക്കാർതന്നെ അവസാനിപ്പിച്ച ചർച്ച വീണ്ടും മാനേജ്മെൻറുകളുമായി നടത്തേണ്ട അവസ്ഥയുമായി. തിങ്കളാഴ്ച മാനേജ്മെൻറുകളുമായി ഫീസ് നിർണയത്തിന് വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ആവശ്യമായ കൂടിയാലോചനകളും മുൻകരുതലുമില്ലാതെ പുറപ്പെടുവിച്ച ഒാർഡിനൻസാണ് സർക്കാറിന് പുലിവാലായത്. ഒാർഡിനൻസ് പ്രകാരം മെഡിക്കൽ ഫീസ് നിർണയത്തിന് പത്തംഗ സമിതിയെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഒാർഡിനൻസ് നിലനിൽക്കെ നേരത്തേ നിലവിലുള്ള പ്രവേശന മേൽനോട്ടസമിതിയായ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയെകൊണ്ട് ഫീസ് നിർണയം നടത്തിക്കുകയായിരുന്നു. ഇൗ ഫീസ് നിർണയം അസാധുവാണെന്ന് കാണിച്ച് മാനേജ്മെൻറുകൾ കോടതിയിൽ എത്തിയപ്പോഴാണ് സർക്കാറിന് ബോധം വന്നത്. നേരത്തേ ഉള്ളത് തിരുത്തി പത്തംഗ സമിതിയെ കൊണ്ടുതന്നെ ഫീസ് നിർണയം നടത്തിക്കാനായി പിന്നീട് സർക്കാർ ശ്രമം. ഇതിനായി ഒാർഡിനൻസിൽ ഭേദഗതിവരുത്താൻ മന്ത്രിസഭ യോഗം തീരുമാനിക്കുകയും ഗവർണർക്ക് അയക്കാനും തീരുമാനിച്ചു. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദെൻറ ഉപദേശം കേട്ട് പ്രവർത്തിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇക്കാര്യത്തിൽ നിയമവകുപ്പിൽനിന്ന് അഭിപ്രായം തേടിയതുമില്ല. വീഴ്ച വരുത്തിയതിന് മുഖ്യമന്ത്രി മന്ത്രിയെയും രാജീവ് സദാനന്ദനെയും വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
