മെഡിക്കൽ കോളജ് ഐ.സി.യു പീഡനം; ചീഫ് നഴ്സിങ് ഓഫിസർക്കും നഴ്സിങ് സൂപ്രണ്ടിനും സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിതയെ ജീവനക്കാർ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ചീഫ് നഴ്സിങ് ഓഫിസറെയും നഴ്സിങ് സൂപ്രണ്ടിനെയും സ്ഥലം മാറ്റി. നഴ്സിങ് സൂപ്രണ്ട് ബെറ്റി ആന്റണിയെ കോന്നി മെഡിക്കൽ കോളജിലേക്കും ചീഫ് നഴ്സിങ് ഓഫിസർ വി.പി. സുമതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ചീഫ് നഴ്സിങ് ഓഫിസർ അമ്പിളി ഭാസ്കരനെ കോഴിക്കോട് മെഡിക്കൽ കോളജിലെ ചീഫ് നഴ്സിങ് ഓഫിസറായും നിയമിച്ചു.
അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതി സംബന്ധിച്ച് അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫിസർ എന്നിവരുടെ നിരുത്തരവാദപരമായ സമീപനവും പരസ്പര വിശ്വാസമില്ലാതെയുള്ള പ്രവർത്തനങ്ങളും ഏകോപനമില്ലായ്മയുമാണ് സംഭവത്തിനിടയായതെന്നും മൂന്നുപേരെയും ജില്ലക്കു പുറത്തേക്ക് സ്ഥലം മാറ്റണമെന്നും ശിപാർശ ചെയ്തിരുന്നു.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. വി.പി. സുമതി ഏപ്രിലിലും ബെറ്റി ആന്റണി മേയിലും വിരമിക്കാനിരിക്കെയാണ് സ്ഥലം മാറ്റം. ഇരുവരോടും വിശദീകരണംപോലും ചോദിക്കാതെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. വിഷയത്തിൽ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അനിത ട്രൈബ്യൂണലിനെ സമീപിച്ച് രണ്ട് മാസത്തേക്ക് സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്.
അതിജീവിതയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അഞ്ച് ജീവനക്കാരെയും ഇടുക്കിയിലേക്കും കോട്ടയത്തേക്കും സ്ഥലം മാറ്റിയിരുന്നു.
ഈ അഞ്ചുപേരുടെ പേർ ആരാണ് പറഞ്ഞു കൊടുത്തതെന്നായിരുന്നു ഡി.എം.ഇ നിയോഗിച്ച അന്വേഷണ സംഘം മെഡിക്കൽ കോളജിലെത്തിയപ്പോൾ കാര്യമായി അന്വേഷിച്ചത്. ഇതിന്റെ പിന്നാലെയാണ് നടപടി. എന്നാൽ അതിജീവിതയെ സ്വാധീനിക്കാൻ ജീവനക്കാരെ പറഞ്ഞയച്ചവർക്കെതിരേ നടപടി സ്വീകരിക്കാതെ അതിജീവിതക്ക് അനുകൂലമായി മൊഴി നൽകിയവർക്കെതിരേ നടപടി സ്വീകരിച്ചത് ജീവനക്കാരിൽ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

