മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിന്
text_fieldsതിരുവനന്തപുരം: 2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്. ജനുവരി 25ന് എല്ലാ മെഡിക്കൽ കോളജുകൾക്ക് മുന്നിലും ഡി.എം.ഇ ഓഫിസിന് മുന്നിലും ധർണ നടത്തും. രോഗി പരിചരണത്തെയും അധ്യാപനത്തെയും ബാധിക്കാത്ത നിലയിലാകും സമരം.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 29ന് രാവിലെ എട്ട് മുതൽ 11 വരെ എല്ലാ മെഡിക്കൽ കോളജുകളിലും മൂന്ന് മണിക്കൂർ സൂചന പണിമുടക്ക് നടത്തും. പണിമുടക്ക് സമയത്ത് ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടത്തില്ല. അധ്യാപനത്തിൽനിന്ന് വിട്ടുനിൽകും. എന്നാൽ കോവിഡ് ചികിത്സ, അടിയന്തര സേവനങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.
ജനുവരി 29 മുതൽ, മെഡിക്കൽ കോളജ് ഡോക്ടർമാർ എല്ലാ നോൺ കോവിഡ് മീറ്റിങ്ങുകൾ, ബോർഡ് മീറ്റിങ്ങുകൾ, അക്കാദമിക് ഡ്യൂട്ടികൾ, വി.ഐ.പി ഡ്യൂട്ടികൾ, പേ വാർഡ് അഡ്മിഷൻ എന്നിവ ബഹിഷ്കരിക്കും. ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം നടത്തും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

