സമരം കടുപ്പിക്കാനൊരുങ്ങി ഡോക്ടർമാർ; 13 മുതൽ അധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ ചികിത്സയും നിർത്തിവെക്കും
text_fieldsതിരുവനന്തപുരം: സൂചനാ സമരങ്ങൾ ഫലം കാണാതെ വന്നതോടെ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഈമാസം 13 മുതൽ അധ്യാപനവും തൊട്ടടുത്ത ആഴ്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവെക്കാനാണ് തീരുമാനം. ഈമാസം 19 ന് സെക്രട്ടറിയേറ്റ് ധർണ നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ടി. റോസ്നാരാ ബീഗം, ജനറൽ സെക്രട്ടറി ഡോ. സി.എസ്. അരവിന്ദ് എന്നിവർ അറിയിച്ചു.
അടിയന്തര ചികിത്സയിലേക്ക് ഡോക്ടർമാർ ചുരുങ്ങുമ്പോൾ ഒ.പിയിൽ ഡോക്ടർ എത്താത്ത സ്ഥിതിയാകും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിന് ഇത് വലിയ വെല്ലുവിളിയാകും. ലേബർ റൂം, ഐ.സി.യു, വാർഡിലെ ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവക്ക് തടസമുണ്ടാകില്ല. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള ഡി.എ. കുടിശ്ശിക നൽകുക, താൽക്കാലിക കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങി വർഷങ്ങളായി ഉന്നയിച്ചിട്ടുള്ള വിവിധ ആവശ്യങ്ങളിൽ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് 2025 ജൂലൈ ഒന്ന് മുതൽ കെ.ജി.എം.സി.ടി.എ പ്രതിഷേധത്തിലാണ്.
ആഴ്ചയിലൊരിക്കൽ ഒ.പി ബഹിഷ്കരണം ആരംഭിച്ചതോടെ നവംബർ 10ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

