ഉഷയുടെ വയറ്റിൽനിന്ന് കണ്ടെത്തിയ ഉപകരണം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും
text_fieldsആലപ്പുഴ: ഉഷ ജോസഫിന്റെ വയറ്റിൽനിന്ന് കണ്ടെത്തിയ ശസ്ത്രക്രിയാ ഉപകരണമായ (ആർട്ടറി ഫോർസെപ്‌സ്) തൊണ്ടി മുതൽ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ ഡി.എം.ഒ ജമുന വർഗീസിന്‍റെ മേൽനോട്ടത്തിൽ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തിയാവും മെഡിക്കൽ ബോർഡ് രൂപീകരിക്കുക.
ഇതിനായി കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലെ വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തുമെന്നാണ് വിവരം. അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹാജരാക്കിയ കത്രിക (ആർട്ടറി ഫോർസെപ്‌സ്) ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനക്കായി അയക്കും. 2021 മെയ് 10ന് ആലപ്പുഴ മെഡിക്കൽ കോളജിൽ ഉഷ ജോസഫ് ചികിത്സ തേടിയതു മുതൽ ശസ്ത്രക്രിയ നടത്തിയത് അടക്കമുള്ള വിവരങ്ങളും ചികിത്സാരേഖകളും മെഡിക്കൽ സംഘം വിശദമായി പരിശോധിക്കും. ഇതിനൊപ്പം അന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് പ്രഫസർ ഡോ. ഷാഹിദ അടക്കമുള്ള ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ തേടും.
മെഡിക്കൽ ബോർഡ് നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽപേരെ പ്രതി ചേർക്കും. ഉഷയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ‘കത്രിക’ പൊലീസ് ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

