അന്തിമ ഫീസ് ഘടന ജയിംസ് കമ്മിറ്റി നിശ്ചയിക്കും
text_fieldsതിരുവനന്തപുരം: സര്‍ക്കാര്‍ ഏറ്റെടുത്ത് കേന്ദ്രീകൃത പ്രവേശം നടത്താനിരിക്കുന്ന മെഡിക്കല്‍ സീറ്റുകളില്‍ ഈടാക്കുന്നത് 10 ലക്ഷം രൂപ വരെ ഫീസ്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെറിറ്റ് സീറ്റുകളിലെ ഫീസ് 1.85 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമാക്കി ഉയര്‍ത്തിയതില്‍ പ്രതിപക്ഷ സമരം തുടരുന്നതിനിടെയാണ് പുതിയ സീറ്റുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നത്. കോഴിക്കോട് കെ.എം.സി.ടി, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ 85 ശതമാനം സീറ്റുകളിലേക്കും പ്രവേശത്തിന് 10 ലക്ഷമാണ് ഫീസ്. 10 ലക്ഷം പലിശരഹിത നിക്ഷേപമായും നല്‍കണം. 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ 18 ലക്ഷം ഫീസും അത്ര തുക പലിശരഹിത നിക്ഷേപമായും നല്‍കണം. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ എന്‍.ആര്‍.ഐ സീറ്റില്‍ 18ലക്ഷം ഫീസിന് പുറമേ പലിശരഹിത നിക്ഷേപം 20 ലക്ഷമാണ്.
കരുണ മെഡിക്കല്‍ കോളജില്‍ 7.45 ലക്ഷമാണ് 85 ശതമാനം സീറ്റിലെ ഫീസ്. എന്‍.ആര്‍.ഐ സീറ്റിലെ ഫീസ് 13 ലക്ഷവും. ഈ കോളജുകളെല്ലാം സ്വന്തം നിലക്ക് വിദ്യാര്‍ഥി പ്രവേശം നടത്താനിരുന്നതാണ്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശത്തില്‍ ക്രമക്കേട് നടന്നെന്ന് കണ്ട് ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുകോളജിലെയും സീറ്റുകളിലേക്ക് കേന്ദ്രീകൃത പ്രവേശം നടത്തുന്നത്. നേരത്തേ ഈ കോളജുകള്‍ പ്രോസ്പെക്ടസ് അംഗീകാരത്തിന് സമര്‍പ്പിച്ചപ്പോള്‍ ജയിംസ് കമ്മിറ്റി ഫീസ് നിശ്ചയിച്ച് നല്‍കിയിരുന്നു. ആവശ്യപ്പെട്ട തുക പകുതിയിലധികമായി ജയിംസ് കമ്മിറ്റി വെട്ടിക്കുറച്ചപ്പോള്‍ കോളജുകള്‍ ഹൈകോടതിയെ സമീപിക്കുകയും ഉയര്‍ന്ന ഫീസിനുള്ള അനുമതി നേടുകയുമായിരുന്നു. കോളജുകളുടെ വരവ് ചെലവ് പരിശോധിച്ച് ജയിംസ് കമ്മിറ്റി ഫീസ് നിശ്ചയിക്കണമെന്ന് പറഞ്ഞ കോടതി താല്‍ക്കാലികമായി ഈടാക്കാവുന്ന ഫീസും നിശ്ചയിച്ചു. ഈ ഫീസാണ് ഇപ്പോള്‍ സര്‍ക്കാര്‍ അലോട്ട്മെന്‍റ് ഏറ്റെടുത്തിട്ടും ഈടാക്കുന്നത്.
ഫലത്തില്‍ സ്പോട്ട് അഡ്മിഷന്‍ നേടാന്‍ വിദ്യാര്‍ഥികള്‍ വന്‍ തരുക ഫീസായി നല്‍കണം. ഉയര്‍ന്ന ഫീസിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഫീസ് ഘടന പിന്നീട് ജയിംസ് കമ്മിറ്റി വിശദ പരിശോധനക്ക് ശേഷം നിശ്ചയിക്കും. കണ്ണൂര്‍, കെ.എം.സി.ടി കോളജുകളില്‍ 150 സീറ്റ് വീതവും കരുണയില്‍ 100 സീറ്റുമാണ് എം.ബി.ബി.എസിനുള്ളത്. നീറ്റ് റാങ്ക് പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും അലോട്ട്മെന്‍റ്. എന്നാല്‍, ഇതര കോളജുകളിലേതിന് സമാനമായി 50 ശതമാനം സീറ്റുകളിലേക്ക് സംസ്ഥാന പ്രവേശ പരീക്ഷയില്‍നിന്ന് അലോട്ട്മെന്‍റ് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ഒഴിവുള്ള മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകളിലേക്ക് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_0.png)