കേന്ദ്ര മന്ത്രി പറഞ്ഞത് സത്യം, പലതവണ കണ്ടിട്ടുണ്ട്; പി.എം ശ്രീയിലെ മധ്യസ്ഥത കേരളത്തിന് വേണ്ടി -ബ്രിട്ടാസ്
text_fieldsന്യൂഡൽഹി: പി.എം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായെന്ന് കേന്ദ്രമന്ത്രി പറഞ്ഞത് സത്യം തന്നെയാണെന്നും പലതവണ മന്ത്രിയെ കണ്ടിട്ടുണ്ടെന്നും എന്നാലത് ധാരണാപത്രത്തിൽ ഒപ്പുവെക്കാനായിരുന്നില്ലെന്നുമുള്ള വിശദീകരണവുമായി സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. എന്നാൽ ജോൺ ബ്രിട്ടാസിന്റെ അവകാശ വാദം തള്ളിയ കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും രാജ്യസഭാ എം.പിമാരായ ജെബി മേത്തറും പി.വി അബ്ദുൽവഹാബും സി.പി.എം - ബി.ജെപി അന്തർധാരയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തായതെന്ന് വിമർശിച്ചു.
‘പി.എം ശ്രീ’ പദ്ധതിയിൽ കേരള സർക്കാറിനും കേന്ദ്ര സർക്കാറിനും ഇടയിൽ താനാണ് മധ്യസ്ഥനായതെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര യാദവിന്റെ വെളിപ്പെടുത്തലും പാലമായി വർത്തിച്ചതിനുള്ള നന്ദിപ്രകടനവും രാജ്യസഭയിൽ മിണ്ടാതെ കേട്ടിരുന്ന ജോൺ ബ്രിട്ടാസ് പാർലമെന്റിന് പുറത്ത് വിശദീകരണവുമായി മാധ്യമങ്ങൾക്ക് മുന്നിൽ വന്നു. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. കേരളത്തിന്റെ വിഷയം ഏറ്റെടുത്ത് കേന്ദ്ര മന്ത്രിയുടെ അടുത്ത് പോയി എന്ന് പറഞ്ഞതിൽ സന്തോഷമേയുള്ളു എന്നും ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ പലതവണ മന്ത്രിയെ കണ്ടിട്ടുണ്ട്, മധ്യസ്ഥത വഹിച്ചു എന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പക്ഷേ പി.എം ശ്രീ കരാർ ഒപ്പിടുന്നതിൽ മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പി.എം ശ്രീയിൽ കേന്ദ്രമന്ത്രി സഭയിൽ ബ്രിട്ടാസ്സിനെ കുറിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നടത്തിയ പരാമർശം, സംസ്ഥാന സർക്കാറും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറും തമ്മിലുള്ള അന്തർധാര എത്ര ശക്തമാണ് എന്ന് വെളിപ്പെടുത്തന്നതാണെന്ന് മുസ്‍ലിം ലീഗ് രാജ്യസഭാ എം.പി പി.വി അബ്ദുൽ വഹാബ് പ്രതികരിച്ചു. സി.പി.എം - ബി.ജെ.പി അന്തർധാര കൂടുതൽ വ്യക്തമാക്കുന്നതാണ് ധർമ്മേന്ദ്ര പ്രധാന്റെ പ്രസ്താവനയെന്ന് ജെബി മേത്തർ എം.പിയും വിമർശിച്ചു. വിശ്വസിക്കാൻ കൊള്ളാത്ത വല്യേട്ടനാണ് സി.പി.എം എന്ന് സി.പി.ഐ ഇനിയെങ്കിലും മനസ്സിലാക്കണം. പി എം ശ്രീ യിൽ നിന്നും പിന്മാറിയെന്ന് പറയുന്നത് കണ്ണിൽ പൊടിയിടുന്ന തന്ത്രമാണ്. സി.പി.ഐയെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന സി.പി.എം. ഇപ്പോഴും പിഎം ശ്രീക്കുവേണ്ടി നിലകൊള്ളുകയാണെന്നും ജെബി മേത്തർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

