കോടതിയിൽ കേസുണ്ടോ? തീർക്കാൻ നമുക്ക് ഒന്ന് ഇരുന്നാലോ? കേസുകൾ മധ്യസ്ഥതയിൽ തീർപ്പാക്കാൻ ‘മീഡിയേഷൻ ഫോർ ദ നേഷൻ’; സേവനം സൗജന്യം, കോടതി ഫീസ് തിരികെ ലഭിക്കും
text_fieldsതിരുവനന്തപുരം: രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണാനായി ദേശീയതലത്തിൽ ആരംഭിച്ച ‘മീഡിയേഷൻ ഫോർ ദ നേഷൻ’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥത കാമ്പയിൻ സംസ്ഥാനത്ത് മുന്നേറുന്നു. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയും മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും സംയുക്തമായി ജൂലൈ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ നടത്തുന്നതാണ് ഈ യജ്ഞം.
ഏതൊക്കെ കേസുകൾ പരിഗണിക്കും?
കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹനാപകടങ്ങൾ, ചെക്ക് മടങ്ങിയത്, സർവിസ് സംബന്ധമായ തർക്കങ്ങൾ, ഗാർഹിക പീഡനങ്ങൾ, മധ്യസ്ഥതയിലൂടെ തീർപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കേസുകൾ, വാണിജ്യ തർക്കങ്ങൾ, വസ്തു സംബന്ധമായ കേസുകൾ, വസ്തു ഒഴിപ്പിക്കൽ, വസ്തു ഏറ്റെടുക്കൽ, ഉപഭോക്തൃ പരാതികൾ, അനുയോജ്യമായ മറ്റു സിവിൽ കേസുകൾ തുടങ്ങിയവയാണ് കോടതിക്ക് പുറത്ത് കക്ഷികൾ തമ്മിലുള്ള സൗഹൃദ ചർച്ചകളിലൂടെ പരിഹരിക്കുക.
സേവനം സൗജന്യം; സംസ്ഥാനത്ത് 78 എ.ഡി.ആർ സെന്ററുകൾ
സൗജന്യമായി ലഭിക്കുന്ന മധ്യസ്ഥതയും കോടതി ഫീസ് തിരികെ ലഭിക്കുമെന്നതും സവിശേഷതയാണ്. കക്ഷികൾക്ക് ഓൺലൈൻ മധ്യസ്ഥത സൗകര്യവും ലഭ്യമാണ്. കേരളത്തിൽ 700ലധികം പരിശീലനം ലഭിച്ച അഭിഭാഷകരും ജുഡീഷ്യൽ ഓഫിസർമാരുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കെ.എസ്.എം.സി.സിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 78 എ.ഡി.ആർ സെന്ററുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
2,113 കേസുകൾ ഇതിനകം തീർപ്പാക്കി
ജനുവരി മുതൽ നടത്തി വന്നിരുന്ന സമാന കാമ്പയിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇതുവരെ 11,200 ദീർഘകാല കേസുകൾ കോടതിയുമായി ബന്ധപ്പെട്ട തർക്കപരിഹാര കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുകയും, അതിൽ 2,113 കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും: 0484-2562969, 2394554, kmckerala@gmail.com, https://ksmcc.keralacourts.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

