ചാനൽ മൈക്ക് ദേഹത്ത് തട്ടി; മുഖ്യമന്ത്രി സംസാരം നിർത്തി മടങ്ങി
text_fieldsആലപ്പുഴ: കുട്ടനാട് വെള്ളപ്പൊക്കം സംബന്ധിച്ച അവലോകനയോഗ തീരുമാനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നതിനിടെ നാടകീയ സംഭവങ്ങൾ. ടി.വി ചാനലിെൻറ മൈക്ക് ദേഹത്ത് തട്ടിയതിനെത്തുടർന്ന് യോഗ തീരുമാനങ്ങൾ വിശദീകരിക്കൽ നിർത്തി മുഖ്യമന്ത്രി മടങ്ങി. യോഗം നടന്ന മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിനു മുന്നിലാണ് സംഭവം. അവലോകനയോഗം അവസാനിച്ചശേഷം മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കാൻ ആരംഭിച്ച് ആദ്യവാചകം പൂർത്തിയാകുംമുമ്പ് ൈമക്ക് ദേഹത്ത് തട്ടുകയായിരുന്നു. ഇതിലുള്ള നീരസം പ്രകടമാക്കി മുഖ്യമന്ത്രി മടങ്ങി. പിന്നീട് മന്ത്രിമാരാണ് കാര്യം വിശദീകരിച്ചത്.
കുട്ടനാട് സന്ദർശനം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മൗനംപാലിച്ചാണ് പിണറായി അവലോകന യോഗത്തിൽ പെങ്കടുക്കാൻ മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽ പ്രവേശിച്ചത്. രണ്ടര മണിക്കൂർ നീണ്ട യോഗശേഷം പുറത്തിറങ്ങിയത് പതിവിലും വ്യത്യസ്തനായിട്ടാണ്. ചിരിക്കുന്ന മുഖവുമായാണ് മാധ്യമ പ്രവർത്തകരെ അഭിമുഖീകരിച്ചത്. എന്നാൽ, ഞൊടിയിടെ എല്ലാം തകിടം മറിഞ്ഞു.
ചാനൽ മൈക്കുകളുടെ മുന്നിൽനിന്ന് യോഗതീരുമാനം വിശദീകരിക്കാൻ മുഖ്യമന്ത്രി കുട്ടനാട് പാക്കേജ് എന്ന ആദ്യവാചകം പറയുേമ്പാഴേക്കും പിന്നിൽനിന്നുള്ള തള്ളലിൽ ഒരു ചാനൽ മൈക്ക് അബദ്ധത്തിൽ ദേഹത്ത് തട്ടി. കഴിഞ്ഞ ദിവസം ഡൽഹിയിൽ മുഖ്യമന്ത്രി താമസിച്ച കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവിനെ പിടികൂടിയ സാഹചര്യത്തിൽ ഞായറാഴ്ച ആലപ്പുഴയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്.
മുഖ്യമന്ത്രിയുടെ പ്രത്യേക സുരക്ഷാഭടന്മാർക്കുപുറമെ വേറെയും പൊലീസ് സേന അണിനിരന്നിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകൾ രേഖപ്പെടുത്താൻ ഏറെ പണിപ്പെടുന്നതിനിടയിൽ സുരക്ഷാസേന സൃഷ്ടിച്ച ബലപ്രയോഗത്തിനിടയിലാണ് മൈക്ക് ശരീരത്തിൽ തട്ടിയത്. തുടർന്ന് സംസാരം അവസാനിപ്പിച്ച് മുന്നോട്ടുനീങ്ങിയ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യമുന്നയിക്കാൻ ശ്രമിച്ചെങ്കിലും ‘ആദ്യം നിങ്ങൾ ഒരു അടക്കം പാലിക്കൂ’വെന്ന് പറഞ്ഞ് നീരസം പരസ്യമാക്കി കാറിലേക്ക് നീങ്ങി.
മുഖ്യമന്ത്രി പറയാൻ ഉദ്ദേശിച്ച വിവരങ്ങൾ പിന്നീട് കലക്ടറേറ്റിൽ മന്ത്രിമാരായ ജി. സുധാകരൻ, തോമസ് െഎസക്, വി.എസ്. സുനിൽകുമാർ എന്നിവർ വാർത്തസമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
