മീഡിയവൺ ലിറ്റിൽ സ്കോളർ: രജിസ്ട്രേഷൻ തുടങ്ങി
text_fieldsലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിർവഹിക്കുന്നു
തിരുവനന്തപുരം: മലർവാടി-ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിർവഹിച്ചു. ലോഗോ പ്രകാശനം നേരത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമായി നടക്കുന്ന ഈ വർഷത്തെ വിജ്ഞാനോത്സവത്തിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും. 300ലധികം സെന്ററുകളിലാണ് പരീക്ഷ.മൂന്നുമുതൽ പ്ലസ്ടു വരെ ക്ലാസുകൾക്ക് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം. ഓരോ വിഭാഗത്തിലും കൂടുതൽ മാർക്ക് നേടുന്ന 50 പേർക്ക് ജില്ലതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലതല വിജയികൾ ഗ്രാൻഡ് ഫിനാലേയിൽ പങ്കെടുക്കും. വിജയികൾക്ക് ഐ.മാക്, ലാപ്ടോപ്, സ്പോർട്സ് സൈക്കിൾ, ക്വിന്റൽ, സ്മാർട്ട് വാച്ച് തുടങ്ങി 12 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഗ്രാൻഡ് ഫിനാലേ മീഡിയവൺ സംപ്രേഷണം ചെയ്യും.
മൂന്ന് റൗണ്ടുകളിലായി നടക്കുന്ന വിജ്ഞാനോത്സവത്തിന് Iittlescholar.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഡിസംബർ രണ്ടിനാണ് പ്രാഥമിക റൗണ്ട് . 80 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിക്കുന്നവർക്ക് മെഡലുകളും പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും ലഭിക്കും. ജനുവരി രണ്ടിനാണ് ജില്ലതല മത്സരങ്ങൾ.
രജിസ്ട്രേഷൻ ഉദ്ഘാടന ചടങ്ങിൽ മീഡിയവൺ കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ മാനേജർ പി.ബി.എം. ഫർമീസ്, മലർവാടി ലിറ്റിൽ സ്കോളർ കൺവീനർ നുഅ്മാൻ വയനാട്, മീഡിയവൺ തിരുവനന്തപുരം റീജനൽ അഡ്മിൻ സമീർ നീർക്കുന്നം എന്നിവർ പങ്കെടുത്തു.

