കോഴിക്കോട്: 2021ലെ കേരളത്തിന്‍റെ വാർത്താ മുഖത്തെ തെരഞ്ഞെടുക്കുന്ന മീഡിയവൺ ഫെയ്സ് ഓഫ് കേരളയുടെ ചുരുക്ക പട്ടിക പ്രഖ്യാപിച്ചു. 10 പേരുടെ പ്രാഥമിക പട്ടികയിൽനിന്ന് തിരഞ്ഞെടുത്ത നാലുപേരുടെ ചുരുക്കപ്പട്ടിയാണ് പ്രഖ്യാപിച്ചത്. മീഡിയവൺ എഡിറ്റോറിയൽ ബോർഡ് നിർദേശിച്ച പത്തു പേരിൽനിന്ന് പ്രേക്ഷക വോട്ടിലൂടെയാണ് നാലുപേരെ കണ്ടെത്തിയത്.
കൂടുതൽ വോട്ടു നേടി മുഖ്യമന്ത്രി പിണറായി വിജയൻ, കെ.പി.സി.സി. പ്രസിഡന്‍റ് കെ.സുധാകരൻ, ഇന്ത്യയുടെ ഹോക്കി ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ. ശ്രീജേഷ്, ഗവേഷക ദീപ പി. മോഹനൻ എന്നിവർ അവസാന പട്ടികയിൽ ഇടംപിടിച്ചു. ഇവരിൽ ഒരാളെ കേരളത്തിന്‍റെ വാർത്താ മുഖമായി തെരഞ്ഞെടുക്കും. പ്രേക്ഷകർക്ക് fok.mediaoneonline.com എന്ന വെബ്സൈറ്റിലൂടെ ഇനിയും വോട്ടു രേഖപ്പെടുത്താം. നാലംഗ വിദഗ്ധ പാനലിന്‍റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും വിജയിയെ പ്രഖ്യാപിക്കുക.
കേരളത്തിന്‍റെ സാമൂഹ്യ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന ഡോ. സെബാസ്റ്റ്യൻ പോൾ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ, ഡോ. ഷംഷാദ് ഹുസൈൻ, ഡോ. ജീവൻ ജോബ് തോമസ് എന്നിവരാണ് വിദഗ്ധ പാനൽ അംഗങ്ങൾ. അവസാന പട്ടികയിൽ ഇടംപിടിച്ച നാലുപേരുമായും വിദഗ്ധ പാനൽ അംഗങ്ങൾ സംവദിക്കും.
വരുന്ന ഞായറാഴ്ചകളിൽ രാത്രി എട്ടു മണിക്ക് ഈ സംവാദം മീഡിയവൺ സംപ്രേഷണം ചെയ്യും. ഡിസംബർ 31ന് രാത്രി എട്ടിനാണ് മീഡിയവൺ ഫെയ്സ് ഓഫ് കേരള 2021 പ്രഖ്യാപനം.