മാധ്യമങ്ങൾ വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോൺ ആകരുത് -മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാഫോണുകളായി മാധ്യമങ്ങൾ മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പൊക്കെ വികസനോന്മുഖ പത്രപ്രവർത്തനമായിരുന്നു ഉണ്ടായിരുന്നത്. വികസനത്തിനെതിരായ നിക്ഷിപ്ത താൽപര്യക്കാരെ മാധ്യമങ്ങൾ തുറന്നുകാട്ടിയിരുന്നു. കുത്തിത്തിരിപ്പുകാർക്കെതിരെ ജനങ്ങളെ മാധ്യമങ്ങൾ ജാഗ്രവത്താക്കിയിരുന്നു. അതുകൊണ്ടാണ് പടുകൂറ്റൻ പദ്ധതികൾ രാജ്യത്തുണ്ടായത്. എന്നാൽ, ഇന്ന് വികസന പത്രപ്രവർത്തനം ഉപേക്ഷിച്ച മട്ടാണ്. സ്ഥാപിത താൽപര്യങ്ങൾ മുൻനിർത്തിയുള്ള കുത്തിത്തിരിപ്പുകൾക്ക് മാധ്യമങ്ങൾ ഇടം നൽകുകയും ചെയ്യുന്നു -മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സമരങ്ങളോടുള്ള സമീപനത്തിലും മാധ്യമങ്ങൾ പക്ഷപാതിത്വം കാട്ടുന്നു.
കുഞ്ഞുങ്ങളുമായി സമരത്തിനിറങ്ങുന്നവരെ മഹത്വവത്കരിക്കുകയാണ്. കുഞ്ഞുങ്ങളെ സമരത്തിനിറക്കാൻ പാടുണ്ടോ? നിക്ഷിപ്ത താൽപര്യംവെച്ച് പദ്ധതികളെ എതിർക്കുന്നവർക്ക് വളംവെച്ചുകൊടുക്കുകയാണോ മാധ്യമങ്ങൾ ചെയ്യേണ്ടത്? അച്ചടിക്കുന്ന വാക്കോ കാണിക്കുന്ന ദൃശ്യങ്ങളോ ജനം അപ്പടി വിശ്വസിക്കുന്ന കാലം കഴിഞ്ഞു. ജനങ്ങൾ ക്രോസ് ഓഡിറ്റിങ് നടത്തുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണം. വസ്തുത കാണാതിരുന്നാൽ മാധ്യമങ്ങളുടെ വിശ്വാസ്യത തകരും. ശരിയായി റിപ്പോർട്ട് ചെയ്യുന്നതിനുപകരം ആദ്യം റിപ്പോർട്ട് ചെയ്യുകയെന്ന രീതിയിലുള്ള 'ബ്രേക്കിങ് ന്യൂസ്' സംസ്കാരം നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിലും ദേശീയ തലത്തിലും വലതുപക്ഷ രാഷ്ട്രീയം സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ അടിച്ചമർത്തുമ്പോൾ കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് തടസ്സം നിൽക്കുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നിട്ടും ചില മാധ്യമങ്ങൾ ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും ഇടതുപക്ഷ പ്രവർത്തകരെ താറടിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ബീന ഫിലിപ്പ്, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, ജന. സെക്രട്ടറി ഇ.എസ്. സുഭാഷ് എന്നിവർ സംസാരിച്ചു. പി.എസ്. രാകേഷ് സ്വാഗതവും ഇ.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിന് കമ്പോള വിലയല്ല, അതുക്കുംമേലെ നൽകും -മുഖ്യമന്ത്രി
കോഴിക്കോട്: വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കമ്പോള വിലയല്ല, അതുക്കുംമേലെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് പ്രസ് ക്ലബ് സുവർണ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനം വരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകും. അവർ ബുദ്ധിമുട്ടിക്കോട്ടെ എന്നു വിചാരിക്കുന്നത് തെറ്റാണ്. അവർക്ക് പുനരധിവാസ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. അതിനുവേണ്ടിയല്ലേ മാധ്യമങ്ങൾ ശബ്ദിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

