മീഡിയ വൺ വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിജയം, നേരിനും നന്മക്കും ലഭിച്ച അംഗീകാരം -പി. മുജീബ് റഹ്മാൻ
text_fieldsമീഡിയ വൺ വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്നും നേരിനും നന്മക്കും ലഭിച്ച അംഗീകാരമാണെന്നും മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ. ഒരു വർഷത്തെ അനിശ്ചിതത്വത്തിനും നിരന്തര നിയമപോരാട്ടത്തിനുമൊടുവിൽ ഇപ്പോൾ നീതി പുലർന്നിരിക്കുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വിയോജിക്കാനും വിമർശിക്കാനുമുള്ള പൗരസ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീം കോടതിവിധി. രാജ്യത്തിനും ഇന്ത്യൻ ജനതക്കും മാധ്യമ ലോകത്തിനും ലോകത്തിന് മുമ്പാകെ അഭിമാനിക്കാവുന്ന ചരിത്ര വിധിയാണിത്. നേരും നന്മയും ഉറക്കെപറഞ്ഞ്, നീതിയുടെ നിലക്കാത്ത ശബ്ദമായി, മർദിത ജനതയുടെ പ്രതീക്ഷയായി, മനുഷ്യാവകാശങ്ങളുടെ കാവലാളായി മീഡിയവൺ ഇനിയും ജ്വലിച്ച് നിൽക്കുമെന്നും കുറിച്ച അദ്ദേഹം പോരാട്ടത്തിൽ കൂടെനിന്ന എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.
കുറിപ്പിന്റെ പൂർണരൂപം:
മീഡിയാവൺ വിധി മാധ്യമ സ്വാതന്ത്ര്യത്തിന്റെ വിജയം, നേരിനും നന്മക്കും ലഭിച്ച അംഗീകാരം. ഒരു വർഷത്തെ അനിശ്ചിതത്വത്തിനും നിരന്തരമായ നിയമപോരാട്ടത്തിനുമൊടുവിൽ ഇപ്പോഴിതാ നീതി പുലർന്നിരിക്കുന്നു...വിയോജിക്കാനും വിമർശിക്കാനുമുള്ള പൗരസ്വാതന്ത്ര്യവും പത്രസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന സുപ്രീംകോടതിവിധി. രാജ്യത്തിനും ഇന്ത്യൻ ജനതക്കും മാധ്യമ ലോകത്തിനും ലോകത്തിന് മുമ്പാകെ അഭിമാനിക്കാവുന്ന ചരിത്ര വിധിയാണിത്.
പറഞ്ഞറിയിക്കാനാവാത്ത ഈ സന്തോഷ വേളയിൽ മനസ്സിൽ തെളിഞ്ഞ് വരുന്ന, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളും മുഹൂർത്തങ്ങളുമുണ്ട്. അവരോടെല്ലാം ഒരു കുറിപ്പിൽ തീർക്കാനാവാത്ത നന്ദിയും കടപ്പാടുമാണുള്ളത്. നിയമപോരാട്ടത്തിന്റെ വഴിയിലെ അനന്തമായ യാത്രയിൽ പതറാതെ പൊരുതാൻ കരുത്ത്കാണിച്ച് കൂടെ നിന്ന മീഡിയാവണിലെ എന്റെ പ്രിയ കൂട്ടുകാർക്കാണ് ആദ്യത്തെ ബിഗ് സല്യൂട്ട്... ചുറ്റുപാടിന്റെ ശക്തമായ സമ്മർദങ്ങളെയും
ആസൂത്രിതമായ അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് തളരാതെ നിന്ന നിങ്ങളാണീ സ്ഥാപനത്തിന്റെ കരുത്തും പ്രതീക്ഷയും അഭിമാനവും ...' കൂടാതെ, ഈ സ്ഥാപനത്തിന്റെ എക്കാല്ലത്തെയും കരുത്തായ ഓഹരിയുടമകൾ, കേരളത്തിന്റെ ആദരണീയരായ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മത-രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, സാധാരണക്കാരായ പ്രേക്ഷകർ തുടങ്ങി ഈപോരാട്ടത്തിൽ കൂടെനിന്ന മുഴുവൻ സഹോദരങ്ങളോടുമുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തട്ടെ. പരമോന്നത നീതിപീഠത്തിന്റെ വിധിയുടെ നിറവിൽ മീഡിയ വൺ അതിന്റെ സാഹസികയാത്ര അഭിമാനത്തോടെ തുടരുകയാണ്.
നേരും നന്മയും ഉറക്കെപറഞ്ഞ്, നീതിയുടെ നിലക്കാത്ത ശബ്ദമായി, മർദിത ജനതയുടെ പ്രതീക്ഷയായി, മനുഷ്യവകാശങ്ങളുടെ കാവലാളായി മീഡിയവൺ ഇനിയും ജ്വലിച്ച്നിൽക്കും. ജനാധിപത്യത്തിന്റെയും നിയമത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴിയടയാതിരിക്കാൻ മീഡിയാവൺ നടത്തിയ ഈ നിയമ പോരാട്ടവും ഒരു വഴിത്തിരിവായിമാറട്ടെ. സർവ ലോകരക്ഷിതാവിന് സർവ സ്തുതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

