കേരളത്തിന്റെ വളർച്ചക്ക് ദിശാബോധമേകി മീഡിയ വൺ ബിസിനസ് കോൺക്ലേവ്
text_fieldsഎറണാകുളം ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ നടന്ന മീഡിയവൺ ബിസിനസ് കോൺക്ലേവ് അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു. മീഡിയ വൺ സി.ഇ.ഒ മുഷ്താഖ് അഹ്മ്മദ്, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാ മണി, അഡ്വൈസറി ബോർഡ് അംഗങ്ങളായ നൂർ സേട്ട്, അമീർ ബാബു, മാനേജിങ് കമ്മിറ്റി അംഗമായ ഷിഹാബ് പൂക്കോട്ടൂർ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് എന്നിവർ സമീപം
കൊച്ചി: കേരളത്തിന്റെ വ്യാവസായിക സാമ്പത്തിക ഭാവിക്ക് ദിശാബോധമേകി മീഡിയ വൺ ബിസിനസ് കോൺക്ലേവ്. സാമ്പത്തികം, വിപണനം, ആസൂത്രണം തുടങ്ങി വ്യവസായരംഗത്തെ സർവ മേഖലകളിലുമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച സംവാദ ഉച്ചകോടി സംസ്ഥാനത്തിന്റെ വ്യാവസായിക-സാമ്പത്തിക വളർച്ചയുടെ ഭാവിക്കൊപ്പം പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്തു.
അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷത്തിനിടെ കേരളത്തിന്റെ വ്യാവസായിക വളർച്ചക്കുള്ള തടസ്സങ്ങൾ നീക്കുന്നതിന് ഭരണപരമായ നിരവധി നടപടികളാണ് സർക്കാർ കൈകൊണ്ടിട്ടുള്ളതെന്നും ഇതിന്റെ ഗുണഫലങ്ങൾ പ്രകടമായിത്തുടങ്ങിയെന്നും ഇതിന്റെ ഫലമാണ് ഇന്ത്യയിലെ ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വിമാനത്താവളത്തിലൂടെ ഇന്ത്യയിൽ ആദ്യമായി പൊതു-സ്വകാര്യ പങ്കാളിത്ത വ്യവസായമെന്ന ആശയം വിജയിപ്പിച്ച സംസ്ഥാനമാണ് കേരളമെന്ന് ഓൺലൈനായി പങ്കെടുത്ത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫ് അലി പറഞ്ഞു.
ലോകത്ത് ഏറ്റവും വേഗത്തിൽ വളർച്ച നേടുന്ന രാജ്യമാണ് ഇന്ത്യയെങ്കിൽ അതിനേക്കാൾ വേഗത്തിലാണ് കേരളത്തിന്റെ വളർച്ചയെന്ന് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ പറഞ്ഞു.
കേരളത്തിന് ഏറ്റവും മുൻതൂക്കമുള്ള സാഹചര്യങ്ങളെ സാമ്പത്തിക, വ്യാവസായിക വളർച്ചക്ക് അനുയോജ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംവാദ ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മീഡിയ വൺ സി.ഇ.ഒ മുഷ്താഖ് അഹമ്മദ് പറഞ്ഞു. മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, ഡയറക്ടർമാരായ അഹമ്മദ്, കെ.ടി.എം.എ. സലാം, ഉപദേശക ബോർഡ് അംഗങ്ങളായ നൂർ സേട്ട്, അമീർ ബാബു, മാനേജിങ് കമ്മിറ്റി അംഗം ഷിഹാബ് പൂക്കോട്ടുർ, മാധ്യമം സി.ഇ.ഒ പി.എം. സ്വാലിഹ് എന്നിവർ സംബന്ധിച്ചു.
വ്യവസായം വിജയിക്കില്ലെന്ന മനോഭാവം മാറ്റൽ വെല്ലുവിളിയായി -മന്ത്രി രാജീവ്
കൊച്ചി: കേരളത്തിൽ നിക്ഷേപം വിജയിക്കില്ലെന്ന മനോഭാവം മാറ്റുക എന്നതാണ് വ്യവസായ വകുപ്പിന്റെ ചുമതല ഏൽക്കുമ്പോൾ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. മീഡിയ വൺ ബിസിനസ് കോൺക്ലേവിൽ ‘റീ ഇമാജിനിങ് ഇൻഡസ്ട്രിയൽ ഗ്രോത്ത് ഇൻ കേരള’ സെഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അധികാരത്തിൽ വരുമ്പോൾ വ്യവസായ സൗഹാർദ (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) റാങ്കിങ്ങിൽ കേരളം 28ാം സ്ഥാനത്ത് ആയിരുന്നു. കൃത്യമായ പഠനത്തിലൂടെയും നിരീക്ഷണത്തിലൂടെയും അതിന് മാറ്റം വരുത്തി. ഒന്നാം സ്ഥാനത്തെത്തി -അദ്ദേഹം പറഞ്ഞു.
കേരളത്തെക്കുറിച്ചുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റിപ്പോർട്ടുകൾ ശരിയാണെന്ന് തോന്നിയിട്ടില്ലെന്ന് കോൺക്ലേവിൽ സംസാരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. വ്യാപാര കരാറിന്റെ പേരിൽ അമേരിക്ക ഭീഷണിപ്പെടുത്തി ഇന്ത്യയെ കീഴടക്കുകയായിരുന്നു. കരാർ ഒപ്പുവച്ചാൽ രണ്ട് രാജ്യങ്ങൾക്കും ഗുണമുണ്ടാകണം. ഇന്ത്യക്ക് ഒരു ഗുണവുമില്ല. കർഷകരെയും സാധാരണക്കാരെയും ഹനിക്കുന്നതാണ് കരാർ- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

