മാധ്യമപ്രവർത്തനത്തിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം -ജസ്റ്റിസ് വി.ജി. അരുൺ
text_fieldsമികച്ച മുഖപ്രസംഗത്തിനുള്ള കേരള മീഡിയ അക്കാദമിയുടെ വി. കരുണാകരൻ നമ്പ്യാർ അവാർഡ് ‘മാധ്യമം’ സീനിയർ സബ് എഡിറ്റർ കെ. സുൽഹഫ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണിൽനിന്ന് ഏറ്റുവാങ്ങുന്നു
കൊച്ചി: സത്യസന്ധവും വസ്തുനിഷ്ഠവുമായ മാധ്യമപ്രവർത്തനത്തിലൂടെ സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നീ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയണമെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ. കാക്കനാട് കേരള മീഡിയ അക്കാദമിയിൽ നടന്ന ബിരുദദാന സമ്മേളനവും മാധ്യമ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയിൽ വാദത്തിനിടെ പെട്ടെന്നുണ്ടാകുന്ന ചില പരാമർശങ്ങളും അഭിപ്രായങ്ങളും പെരുപ്പിച്ച് കാട്ടുകയോ സന്ദർഭത്തിൽനിന്ന് അടർത്തി അവതരിപ്പിക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കണം. വാദത്തിനിടയിലെ പരാമർശങ്ങളോ അഭിപ്രായങ്ങളോ ഒരിക്കലും കേസിലെ വിധിയാകുന്നില്ല. അവ പെരുപ്പിച്ച് റിപ്പോർട്ട് ചെയ്യുന്നത് ജഡ്ജിമാരെ നിശ്ശബ്ദരാക്കും. ആ നിശ്ശബ്ദത നീതിന്യായ വ്യവസ്ഥക്ക് ഗുണകരമല്ലെന്നും ജസ്റ്റിസ് അരുൺ പറഞ്ഞു.
മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് ‘മാധ്യമം’സീനിയർ സബ് എഡിറ്റർ കെ. സുൽഹഫ് ഏറ്റുവാങ്ങി. മാധ്യമപ്രവർത്തകരായ കെ. ജയപ്രകാശ് ബാബു, റിച്ചാർഡ് ജോസഫ്, തെന്നൂർ ബി. അശോക്, ഫഹദ് മുനീർ, വി.പി. വിനീത എന്നിവർക്കും അവാർഡുകൾ നൽകി.
അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, വൈസ് ചെയർമാൻ ഇ.എസ്. സുഭാഷ്, സെക്രട്ടറി അനിൽ ഭാസ്കർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ കെ. രാജഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

