മീഡിയ അക്കാദമി ജനറൽ കൗൺസിൽ പുനഃസംഘടന; കെ.യു.ഡബ്ല്യു.ജെ അപലപിച്ചു
text_fieldsതിരുവനന്തപുരം: മീഡിയ അക്കാദമി ജനറൽ കൗൺസിൽ പുനഃസംഘടനയിൽ തങ്ങൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങളിൽ സർക്കാർ നോമിനികളെ നിയമിച്ച നടപടിയെ കേരള പത്രപ്രവർത്തക യൂനിയൻ അപലപിച്ചു.
യൂനിയൻ നിർദേശിച്ച പേരുകൾ വെട്ടി ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ചിലർ നടത്തിയ ശ്രമവും അതിന്‍റെ വിജയവും പ്രതിഷേധാർഹമാണ്. ജനറൽ കൗൺസിലിലേക്ക് സർക്കാർ ആരെ നിയമിക്കുന്നതിലും യൂനിയന് വിയോജിപ്പില്ല. സർക്കാറിന് യഥേഷ്ടം നാമനിർദേശം ചെയ്യാൻ ചട്ടം അനുശാസിക്കുന്ന സ്ഥാനങ്ങളുള്ളപ്പോൾ അതിന് പ്രയാസവുമില്ല.
എന്നാൽ, പത്രപ്രവർത്തക യുനിയൻ നിർദേശിക്കേണ്ട സ്ഥാനങ്ങളിലേക്ക് നൽകിയ പട്ടിക വെട്ടിമാറ്റി യൂനിയൻ പ്രതിനിധികളെന്ന പേരിൽ ജനറൽ കൗൺസിൽ അംഗങ്ങളെ കണ്ടെത്തിയത് അംഗീകരിക്കാനാവില്ല. കീഴ്‌വഴക്കവും ചട്ടവും അനുസരിച്ച് സർക്കാർ ആവശ്യപ്പെട്ടപ്രകാരം സമർപ്പിച്ച പട്ടിക വെട്ടിയത് പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. കേരളത്തിലെ മുഴുവൻ മാധ്യമപ്രവർത്തകരോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാവൂ.
മീഡിയ അക്കാദമി എന്ന ആശയവും അതിന്‍റെ വളർച്ചയും യൂനിയൻ പകർന്ന ദിശാബോധത്തിലും കരുത്തിലുമാണ്. ആ ചരിത്രം മറന്നാണ് യൂനിയനെ നോക്കുകുത്തിയാക്കിയത്. ഇതിനായി ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി കർക്കശ നടപടി സ്വീകരിക്കണമെന്നും ജനറൽ കൗൺസിൽ പുനഃസംഘടന തിരുത്തി ചട്ടവും കീഴ്വഴക്കവും അനുശാസിക്കുന്ന വിധത്തിൽ പത്രപ്രവർത്തക യൂനിയന് പരിഗണന നൽകണമെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച കത്തിൽ പ്രസിഡന്‍റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

