‘അമ്മായിയമ്മ സിൻഡ്രോം’ വേണ്ട: മെഡി. വിദ്യാർഥികളോടുള്ള അവഗണന: കമീഷനെ നിയോഗിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇന്റേണൽ മാർക്കിന്റെ പേരിൽ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ നടക്കുന്ന മോശം പ്രവണതകളെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ കമീഷനെ നിയോഗിക്കണമെന്ന് ഹൈകോടതി. കുട്ടികളുടെ ഭാവി തകർക്കുന്ന പരിപാടികൾ മെഡിക്കൽ കോളജുകളിൽ നടക്കുന്നുവെന്ന പരാതി തുടരുകയാണ്.
പണ്ട് തനിക്ക് നേരിടേണ്ടി വന്ന പീഡനം തന്റെ മുന്നിലെത്തുന്ന കുട്ടികളിൽ പ്രയോഗിക്കാമെന്ന ‘അമ്മായിയമ്മ സിൻഡ്രോം’ അധ്യാപകരെയും കോളജ് അധികൃതരെയും ബാധിച്ചെന്ന് വേണം കരുതാൻ. വിഷയം പഠിച്ച് പരിഹാരമടക്കം നിർദേശിച്ച് റിപ്പോർട്ട് നൽകാൻ കമീഷനെ ചുമതലപ്പെടുത്തണമെന്ന് കോടതി വാക്കാൽ നിർദേശം നൽകി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
തന്റെ ഭാഗത്ത് തെറ്റില്ലെന്ന വാദമാണ് റാമിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. പ്രിൻസിപ്പൽ ഫോൺ പിടിച്ചുവെച്ചതിന് പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തത്. താൻ അച്ചടക്കത്തിൽ കണിശത പാലിക്കുന്നത് കൊണ്ടാണ് കുട്ടികൾക്ക് ഇഷ്ടമില്ലാത്തത്. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുത്. വസ്തുതകൾ പരിശോധിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, അധ്യാപകനെതിരെ മൊഴിയും മറ്റ് തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഈ ഘട്ടത്തിലാണ് കമീഷനെ വെക്കണമെന്ന് കോടതി നിർദേശിച്ചത്.
തുടർന്ന് നിതിന്റെ പിതാവിനോട് പ്രത്യേകം അഭിഭാഷകനെ വെക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. അഭിഭാഷകനെ വെക്കണമെന്ന് പിതാവ് മറുപടി നൽകി. ഇതിന് സമയം അനുവദിച്ച കോടതി ഹരജി വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
